ചേർത്തല: അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ ഇടതുപക്ഷത്തെ ഇകഴ്ത്താൻ ശ്രമം നടക്കുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പാനൂരിൽ നടന്ന ബോംബ് സ്ഫോടനവുമായി സിപിഎമ്മിന് ഒരു ബന്ധവുമില്ല. ഇടതുപക്ഷത്തിന് യാതൊരു വെല്ലുവിളിയും ഉണ്ടാകാത്ത മേഖലയിൽ ബോംബിന്റെ പുറകെ പോകേണ്ട ആവശ്യം സിപിഎമ്മിനില്ല. സ്ഫോടനത്തെക്കുറിച്ചു പോലീസ് കാര്യക്ഷമമായി അന്വേഷിക്കുമെന്നും ആലപ്പുഴയിൽ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
നരേന്ദ്രമോദിയെ വിമർശിക്കേണ്ടപ്പോഴൊക്കെ വിമർശിക്കാറുണ്ട്. അല്ലാതുള്ള ആരോപണം ശരിയല്ല. ബിജെപിയുടെ തെറ്റായനയങ്ങൾ തിരുത്തുന്ന ശക്തിയായി നിൽക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞു. രാജ്യത്തെ ന്യൂനപക്ഷങ്ങളെയും സാധാരണക്കാരെയും കൊള്ളയടിക്കുന്ന നയമാണു ബിജെപിയുടെയും കോൺഗ്രസിന്റെയും.
ഇലക്ടറൽ ബോണ്ട് വിഷയത്തിൽ ബിജെപി വാരിക്കൂട്ടിയ കോടികളുടെ ഒപ്പംതന്നെ കോൺഗ്രസിനും കിട്ടി. സിഎഎ വിഷയത്തിൽ കോൺഗ്രസ് നിലപാട് പൂർണമായും തെറ്റാണ്.അനുഭവത്തിൽനിന്നു പാഠം പഠിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല. കോൺഗ്രസിന് സംഘപരിവാർ മനസോടു ചേർന്നുനിൽക്കാനാണു താല്പര്യം.
അവരുടെ കപടമുഖം തുറന്നു കാണിക്കുമ്പോൾ ആർക്കും കൊള്ളേണ്ടതില്ല. കഴിഞ്ഞ ഇലക്ഷനിൽ യുഡിഎഫ് ജയിച്ചതിന്റെ തിക്തഫലം ജനം അനുഭവിച്ചു. അതിനാൽ ഇത്തവണ യുഡിഎഫിന് തിരിച്ചടി ഉണ്ടാകുമെന്നും പിണറായി പറഞ്ഞു.
ഇന്ത്യ ഈ രീതിയിൽ തുടരണമോ എന്നു തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പാണു നടക്കുന്നത്. ബിജെപിയെ തൂത്തെറിയാനുള്ള വോട്ട് ഞങ്ങൾ ആവശ്യപ്പെടുന്നു. നല്ല സ്വീകാര്യതയാണ് എൽഡിഎഫിന് ലഭിക്കുന്നത്. ആലപ്പുഴയിൽ എൽഡിഎഫിനു ശുഭപ്രതീക്ഷയാണ്. കോൺഗ്രസ് ആഗ്രഹിക്കുന്നപോലെ വേണുഗോപാൽ വിജയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.