തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിച്ചശേഷം ഉണ്ടാകുന്ന ചാരത്തിലും അവശിഷ്ടങ്ങളിലും സ്വർണം തേടിയെത്തുന്ന ഇതരസംസ്ഥാന സംഘങ്ങളെ പോലീസ് നരീക്ഷിക്കുന്നു. ഹിന്ദുമതാചാരപ്രകാരം സംസ്കരിക്കുമ്പോൾ കൂട്ടത്തിൽ സ്വർണവും അടക്കം ചെയ്യാറുണ്ട്.
ഒരു തരി മുതൽ വലിയ അളവിൽ വരെ സ്വർണം ഇത്തരത്തിൽ സംസ്കരിക്കുമ്പോൾ കൂടെ വയ്ക്കാറുണ്ട്. ഇക്കാര്യം അറിയുന്ന സംഘങ്ങളാണ് ശ്മശാനത്തിൽ എത്തി ചിതയണഞ്ഞ ശേഷം ചാരുവും അസ്ഥിക്കഷ്ണങ്ങളും വലിച്ചുവാരി സ്വർണം തപ്പുന്നത്. ഇത് കാലങ്ങളായി ശ്മശാനങ്ങളിൽ നടക്കുന്ന സംഭവമാണെങ്കിലും ഇപ്പോൾ ഇതൊരു വലിയബിസിനസായി മാറിയിട്ടുണ്ടെന്നു പറയുന്നു.
മൃതദേഹം ദഹിപ്പിച്ചശേഷം അസ്ഥി പെറുക്കുന്നതിനും സഞ്ചയനത്തിനുമെത്തുന്ന ഉറ്റവർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതാഭസ്മവും അസ്ഥികളും വലിച്ചുവാരിയിട്ട നിലയിലാണു കാണാൻ സാധിക്കുന്നത്. ചിതയിൽനിന്ന് അസ്ഥി കിട്ടാൻ പലപ്പോഴും പെടാപ്പാട് ഉണ്ടാവുകയും ചെയ്യാറുണ്ട്.
സംസ്കാരം കഴിഞ്ഞ് ചിതയുടെ ചൂടാറും മുമ്പ് തന്നെ മരിച്ച ആളുടെ പേര് എഴുതി അടയാളമായി വയ്ക്കുന്ന കുറ്റി വരെ പിഴുതു കളഞ്ഞാണ് കവർച്ചാസംഘം സ്വർണം ചികയുന്നത്. ദഹിപ്പിച്ച ചാരം കോരിയെടുത്ത് പുഴയിൽ കൊണ്ടുപോയി അരിച്ചാണ് സ്വർണം വേർതിരിച്ചെടുക്കുന്നത്.
കഴിഞ്ഞദിവസം രാത്രി സംഘത്തിലെ തമിഴ്നാട് സ്വദേശികളായ അമ്മയും മകനും പോലീസിന്റെ പിടിയിലായിരുന്നു. മല്ലിക (45 )വേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കു പിന്നിൽ കൂടുതൽ പേരുണ്ടാകാമെന്നു പോലീസ് സംശയിക്കുന്നു.
വിശ്വാസത്തിന്റെ പേരിൽ മൃതദേഹത്തിലെ ആഭരണങ്ങൾ ഊരി മാറ്റാതെ ശ്മശാനത്തിലേക്ക് കൊണ്ടുവരരുതെന്ന് സംസ്ക്കരിക്കാൻ ബുക്ക് ചെയ്യുന്നവരോട് നിർദ്ദേശിക്കാറുണ്ടെന്ന് ഐവർമഠം രമേഷ് കോരപ്പത്ത് പറയുന്നു.
ശശികുമാർ പകവത്ത്