കാസർഗോഡ്: മൂളിയാറിൽ യുവതി തൂങ്ങിമരിച്ചത് നാലുമാസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊന്നശേഷമെന്നു പോലീസ്. സ്വിറ്റ്സർലൻഡിൽ ജോലിചെയ്യുന്ന തൊടുപുഴ സ്വദേശി ശരത്തിന്റെ ഭാര്യ മൂളിയാർ സ്വദേശിനി ബിന്ദു (30) വിനെ ഇന്നലെ ഉച്ചകഴിഞ്ഞാണു വീട്ടുമുറ്റത്തെ മരക്കൊന്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ ശ്രീനന്ദനയെ കൊലപ്പെടുത്തിയശേഷം ബിന്ദു ആത്മഹത്യചെയ്യുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ബിന്ദുവിന്റെ അച്ഛനമ്മമാർ ജോലിക്കുപോയ സമയമായിരുന്നു സംഭവം. ഇവർ തിരിച്ചെത്തിയപ്പോഴാണ് ബിന്ദുവിനെ വീട്ടുമുറ്റത്തെ മരക്കൊമ്പിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. രണ്ടു കൈകളുടെയും ഞരമ്പുകൾ മുറിച്ചിരുന്നു. വീട്ടിനകത്തു കയറി നോക്കിയപ്പോഴാണ് കുഞ്ഞിനെ കിടപ്പുമുറിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടനെ ചെങ്കള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിന്ദുവിന്റെ മൂത്ത മകൻ അഞ്ചുവയസുകാരൻ ശ്രീഹരി സംഭവസമയത്ത് വീടിനു പുറത്തായിരുന്നു.
തൊടുപുഴയിലെ ഭർതൃവീട്ടിലായിരുന്ന ബിന്ദു രണ്ടുദിവസം മുമ്പാണ് മുളിയാറിലെ വീട്ടിലെത്തിയത്. ആറു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. പുറമേക്ക് കുടുംബപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് പറയുന്നു. ശരത് അടുത്തിടെയാണ് വിദേശത്തേക്ക് പോയത്. ബിന്ദുവിന് പ്രസവാനന്തര വിഷാദമുണ്ടായിരുന്നതായി പറയപ്പെടുന്നു.
കാസർഗോഡ് ഡിവൈഎസ്പി ജയൻ ഡൊമിനിക്, ആദൂർ സിഐ പി.സി. സഞ്ജയ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി കണ്ണൂർ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മുളിയാർ കോപ്പാളംകൊച്ചി പട്ടികജാതി കോളനിയിലെ രാമചന്ദ്രന്റെയും ലളിതയുടെയും മകളാണ് ബിന്ദു. സഹോദരങ്ങൾ: സിന്ധു, രമ്യ.