കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണം തുടങ്ങി. ഡൽഹി യൂണിറ്റിൽനിന്നുള്ള എസ്പിയും രണ്ട് ഡിവൈഎസ്പിമാരും ഇൻസ്പെക്ടറും അടങ്ങുന്നതാണ് സിബിഐ സംഘം. ഇവർ ജില്ലാ പോലീസ് മേധാവി ടി. നാരായണൻ, കൽപ്പറ്റ ഡിവൈഎസ്പി ടി.എൻ. സജീവൻ എന്നിവരുമായി കൂടിയാലോചന നടത്തി കേസിന്റെ പ്രാഥമിക വിവരശേഖരണം നടത്തി. അടുത്തദിവസം രണ്ട് ഉദ്യോഗസ്ഥർ കൂടി സംഘത്തിൽ ചേരും.
ലോക്കൽ പോലീസ് കൈമാറിയ രേഖകളുടെ പരിശോധന സിബിഐ സംഘം നടത്തിവരികയാണ്. മൊഴി നൽകുന്നതിന് ഹാജരാകണമെന്ന് പോലീസ് മുഖേന സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശിനു നിർദേശം നൽകിയിട്ടുണ്ട്.
ജയപ്രകാശിന്റെ ഹർജിയിൽ ഹൈക്കോടതി ഉത്തരവായതനുസരിച്ചാണ് സിബിഐ അടിയന്തര സ്വഭാവത്തോടെ കേസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം വൈകുന്നത് പ്രതികൾക്കു നേട്ടമാകുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സിദ്ധാർഥന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അറസ്റ്റ് ചെയ്ത 20 വിദ്യാർഥികൾ റിമാൻഡിലാണ്. ഇവരെ ചോദ്യം ചെയ്യുന്നതിന് അനുമതി തേടി സിബിഐ കോടതിയിൽ അപേക്ഷ നൽകും. പ്രതികളെ ഒന്നിച്ചും സംഘങ്ങളായി തിരിച്ചും ചോദ്യം ചെയ്യുമെന്നാണ് വിവരം.
ഫെബ്രുവരി 18ന് ഉച്ചകഴിഞ്ഞാണ് സിദ്ധാർഥനെ പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. ദിവസങ്ങൾ നീണ്ട മാനസിക, ശാരീരിക പീഡനത്തിന് ഒടുവിലായിരുന്നു മരണം.
സിദ്ധാർഥന്റേത് കൊലപാതകമാണെന്ന നിലപാടിലാണ് കുടുംബം. മകന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് പിതാവ് മുഖ്യമന്ത്രിക്ക് മാർച്ച് ഒന്പതിന് നിവേദനം നൽകിയിരുന്നു. അന്നുതന്നെ മുഖ്യമന്ത്രി സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെർഫോമ ലഭ്യമാക്കാൻ വൈകി. ഈ പശ്ചാത്തലത്തിലാണ് ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്.