കോഴിക്കോട്: പ്രധാനമന്ത്രി എത്ര തവണ വന്നാലും തൃശൂർ എടുക്കാൻ സാധിക്കില്ലന്ന് കെ. മുരളീധരൻ. ബിജെപി എങ്ങനെയൊക്കെ ശ്രമിച്ചാലും തൃശൂർ മണ്ഡലത്തിൽ ജയിക്കാൻ സാധിക്കില്ല. പ്രധാനമന്ത്രിക്ക് വേണമെങ്കിൽ തൃശൂരിൽ സ്ഥിരതാമസമാക്കാം, സ്ഥിരതാമസമാക്കിയാലും ബിജെപി തൃശൂരിൽ ജയിക്കില്ലെന്ന് മുരളീധരൻ പരിഹസിച്ചു.
പ്രധാനമന്ത്രി വരുംതോറും യുഡിഎഫിന് വോട്ട് കൂടുകയേ ഉള്ളൂ. മുഖ്യമന്ത്രിയുമായി ഡീൽ ഉറപ്പിക്കാനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. തങ്ങൾക്ക് അനുകൂലമായി പ്രവർത്തിച്ചില്ലെങ്കിൽ അനുഭവിക്കേണ്ടി വരുമെന്ന് ഓർമ്മിപ്പിക്കാനാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇഡിയെ ക്ഷണിച്ചുവരുത്തിയത് സിപിഎമ്മാണ്. കരുവന്നൂരിൽ സിപിഎം അഴിമതി നടത്തിയില്ലായിരുന്നുവെങ്കിൽ ഇഡി വരില്ലായിരുന്നു. മുഖ്യമന്ത്രി സംഘി തലവനായി. നരേന്ദ്രമോദിയുടെ കാർബൺ പതിപ്പായാണ് പിണറായി വിജയൻ സംസാരിക്കുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.