തിരുവനന്തപുരം: എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട സംഭവത്തിൽ കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സമാനമായി ഇതിനു മുൻപും എൻസിഇആർടി ശാസ്ത്ര -സമൂഹശാസ്ത്ര- ചരിത്ര- രാഷ്ട്രമീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ നടത്തിയിരുന്നു. അന്ന് ആ തീരുമാനത്തോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ് എന്ന് അദ്ദേഹം ഓർമിച്ചു.
കുട്ടികൾ യാഥാർഥ്യം എന്താണെന്ന് പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് അതിനാൽ ആ നിലപാടുകൾ തുടരുകതന്നെ ചെയ്യുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
എൻസിഇആർടി പാഠഭാഗങ്ങൾ വെട്ടി മാറ്റുന്നതുമായി ബന്ധപ്പെട്ട് കേരളം നിലപാടിൽ ഉറച്ചുനിൽക്കുന്നു. അയോധ്യയിലെ ബാബറി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപത്തിൽ മുസ്ലിംവിഭാഗക്കാരെ കൊലപ്പെടുത്തിയതും തുടങ്ങി നിരവധി ചരിത്ര വസ്തുതകൾ പാഠപുസ്തകങ്ങളിൽ നിന്ന് മായ്ക്കാൻ ആണ് എൻസിഇആർടി ശ്രമിക്കുന്നത്.
നേരത്തെയും ശാസ്ത്ര – സമൂഹശാസ്ത്ര – ചരിത്ര – രാഷ്ട്ര മീമാംസ പാഠപുസ്തകങ്ങളിൽ നിന്ന് വ്യാപകമായ വെട്ടിമാറ്റലുകൾ എൻസിഇആർടി നടത്തിയിരുന്നു. അതിനോട് കേരളം പ്രതികരിച്ചത് ഇവ ഉൾക്കൊള്ളിച്ചുള്ള അഡീഷണൽ പാഠപുസ്തകങ്ങൾ പുറത്തിറക്കിയാണ്.
കുട്ടികൾ യാഥാർഥ്യം പഠനത്തിലൂടെ മനസിലാക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. വളച്ചൊടിക്കപ്പെട്ട ചരിത്രമോ വികലമാക്കപ്പെട്ട ശാസ്ത്ര നിലപാടുകളോ സംസ്ഥാനം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടുകൾ തുടരും.