ഇന്ത്യൻ ഫുട്ബോളിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം ചരിത്രവും പാരന്പര്യവുമുള്ള മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് പുതിയ കെട്ടിലും മട്ടിലും ഇനി ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിലേക്ക്. ഇതോടെ കോൽക്കത്തയിൽനിന്ന് മോഹൻബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കു പിന്നാലെ ഐഎസ്എല്ലിലെത്തുന്ന മൂന്നാമത്തെ ടീമായി. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി.
133 വർഷത്തെ ചരിത്രമുള്ള ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്സ്, ഈ സീസണിലെ ഐ ലീഗ് ജേതാക്കളായാണ് ഐഎസ്എല്ലിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന മുഹമ്മദൻസ് സ്പോർടിംഗ് ആദ്യ ഐ ലീഗ് കിരീടനേട്ടത്തിലെത്തിയത്. ലീഗിൽ ഒരു മത്സരം കൂടി ബാക്കിയിരിക്കേ 52 പോയിന്റുമായാണ് മുഹമ്മദൻസ് കിരീടം നേടിയത്. 23-ാം റൗണ്ട് മത്സരത്തിൽ മുഹമ്മദൻസ് 2-1ന് ഷില്ലോംഗ് ലാജോംഗിനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു.
1990-കൾക്കു ശേഷം പിന്നാക്കം പോകുകയും ഒരു പതിറ്റാണ്ടു മുന്പ് കടക്കെണി കാരണം അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയും ചെയ്ത ക്ലബ്ബിന്റെ തിരിച്ചുവരവ് കൂടിയാണ് നേട്ടം. രണ്ടുതവണ ഫെഡറേഷൻ കപ്പും 14 തവണ കൽക്കട്ട ഫുട്ബോൾ ലീഗും രണ്ടുവട്ടം ഡ്യൂറാൻഡ് കപ്പും ആറുതവണ ഐഎഫ്എ ഷീൽഡും ആറുതവണ റോവേഴ്സ് കപ്പും നാലുതവണ സേട്ട് നാഗ്ജി ട്രോഫിയും നേടിയ മുഹമ്മദൻസ് സ്പോർടിംഗിന് ഐ ലീഗ് കിരീടത്തിലെത്താൻ ഏറെക്കാലം കാത്തിരിക്കേണ്ടിവന്നു.
13 ഗോളുമായി ലീഗിലെ ഗോൾവേട്ടക്കാരിൽ നാലാംസ്ഥാനത്തുള്ള ഹോണ്ടുറാസ് താരം എഡ്ഡി ഗബ്രിയേൽ ഹെർണാണ്ടസാണ് സീസണിൽ മുഹമ്മദൻസിന്റെ മുന്നേറ്റത്തിന് ചുക്കാൻപിടിക്കുന്നത്. മുൻ ഡിഫൻഡറായിരുന്ന ആന്ദ്രേ ചെർനിഷോവിന്റെ പ്രതിരോധതന്ത്രങ്ങളാണ് ടീമിന്റെ കരുത്ത്. 23 മത്സരങ്ങളിൽ തോറ്റത് ഒന്നിൽമാത്രം. 43 ഗോളുകൾ എതിരാളികളുടെ വലയിലെത്തിച്ചപ്പോൾ വഴങ്ങിയത് 19 എണ്ണം.