ചെറുതോണി: ഇടുക്കി ജലാശയത്തിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ബോട്ട് സവാരിക്ക് ജനപ്രിയമേറുന്നു. ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ ഇപ്പോൾ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കയാണ് വനം വകുപ്പ്.
അണക്കെട്ടിൽ സന്ദർശനാനുമതിയില്ലാത്തതിനാൽ വനം വകുപ്പിന്റെ അണക്കെട്ടിലെ ബോട്ടു സവാരിയാണ് വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരമേഖല. തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ചറിയും പ്രവർത്തിക്കുന്നത്.
രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ടിംഗ് സമയം. മുതിർന്നവർക്ക് 145 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് ബോട്ടിംഗ് സമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽനിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം.
ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക് വിവരിച്ച് കൊടുക്കാൻ ഗൈഡും യാത്രികർക്കൊപ്പമുണ്ടാകും. ആനയുൾപ്പെടെയുള്ള വന്യജീവികളെ ഈ യാത്രയ്ക്കിടയിൽ കാണാനാകും. പതിനെട്ട് പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന ഒരു ബോട്ടാണ് ഇപ്പോൾ നിലവിലുള്ളത്.
ഇടുക്കി പാക്കേജിൽപ്പെടുത്തി അനുവദിച്ചിരിക്കുന്ന 10, 18 സീറ്റുകളുടെ രണ്ട് ബോട്ടുകൾ ഉടൻ ലഭ്യമാകുമെന്ന് ഇടുക്കി ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ, അസിസ്റ്റന്റ് വാർഡൻ ബി. പ്രസാദ് കുമാർ എന്നിവർ പറഞ്ഞു.ആദിവാസികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായാണ് ഇതിൽനിന്നു ലഭിക്കുന്നവരുമാനം വിനിയോഗിക്കുന്നത്.
ബോട്ടിലെ ജീവനക്കാർ ആദിവാസികളാണ്. സംസ്ഥാനത്ത് ഭൂരിപക്ഷം അണക്കെട്ടുകളിലും ബോട്ടിംഗ് നടക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇടുക്കി ജലാശയത്തിൽ ബോട്ടിംഗ് അനുവദിച്ചിരുന്നില്ല.2015 മുതൽ പദ്ധതി നിലവിലുണ്ടെങ്കിലും വേണ്ടത്ര പ്രചാരം കിട്ടാത്തതിനാൽ അധികമാളുകൾ ഇവിടേക്ക് എത്തിയിരുന്നില്ല.
മുൻപ് സംസ്ഥാന വൈദ്യുതി വകുപ്പിന് കീഴിലുള്ള ഹൈഡൽ ടൂറിസം വിഭാഗം സ്പീഡ് ബോട്ടിംഗ് സൗകര്യം ഒരുക്കിയിരുന്നെങ്കിലും കാലങ്ങളായി അതു നിർത്തിവച്ചിരിക്കുകയാണ്.ബോട്ടിംഗിനായി മുൻകൂർ ബുക്ക് ചെയ്യാൻ ഫോൺ: 8547603187, 9188796957.