അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണം ഇന്ന്. പകൽ പോലും രാത്രിക്ക് സമമാകുന്ന അവസ്ഥയാകും. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്നതാണ് ഇന്നത്തെ പ്രത്യേകത.
ഏപ്രിൽ എട്ട് രാത്രി 9.12നാണ് ഗ്രഹണം തുടങ്ങുന്നത്. പിറ്റേ ദിവസം പുലർച്ചെ 2.25ന് ഗ്രഹണം അവസാനിക്കും. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെടും. നട്ടുച്ചയ്ക്ക് പോലും ഇരുൾമൂടിയ അവസ്ഥയായിരിക്കും.
സമ്പൂർണ സൂര്യഗ്രഹണ സമയത്ത് ഇക്കാര്യങ്ങൾ പ്രധാനമായും ശ്രദ്ധിക്കുക.
- സമ്പൂർണ സൂര്യഗ്രഹണം നടക്കുന്ന സമയം സൂര്യനെ വീക്ഷിക്കാൻ താത്പര്യപ്പെടുന്നവർ കണ്ണുകൾക്ക് സുരക്ഷ നൽകുന്ന സംവിധാനം ഉപയോഗിക്കേണ്ടതുണ്ടെന്ന് നാസ നിർദേശിക്കുന്നു.
- കാമറ ലെൻസിലൂടെയും, ടെലിസ്കോപ്, ബൈനോക്കുലർ തുടങ്ങിയ ഉപകരങ്ങൾ വഴിയും സൂര്യനെ ദർശിക്കരുത്. അങ്ങനെ ചെയ്താൽ അത് കണ്ണിന് പരിക്കേൽക്കാൻ കാരണമാകും.
- സാധാരണ സൺഗ്ലാസുകൾ ഗ്രഹണം വീക്ഷിക്കാൻ സുരക്ഷിതമല്ല. സുരക്ഷിതമായ സോളാർ വ്യൂവിങ് ഗ്ലാസുകളാണ് ധരിക്കേണ്ടത്.
- ഗ്രഹണ സമയത്ത് വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെഡ്ലൈറ്റ് ഓണാക്കി വാഹനമോടിക്കുക.
- സൂര്യഗ്രഹണത്തിന്റെ ചിത്രം എടുക്കാൻ ശ്രമിക്കുമ്പോൾ കണ്ണുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതാണ്.
- മാതാപിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കുട്ടികളെ സൂര്യഗ്രഹണം കാണാൻ അനുവദിക്കരുത്.