അമ്പലപ്പുഴ: പുറക്കാട് ദന്പതിക ളുടെയും മകന്റെയും ദാരുണ മരണത്തിനിടയാക്കിയത് ദേശീയ പാതാ വികസന അഥോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം. ഓടയ്ക്കുവേണ്ടി കുഴിയെടുത്ത മണ്ണ് റോഡില്‍നിന്നു നീക്കം ചെയ്യാതിരുന്നതുമൂലം ബൈക്ക് റോഡില്‍നിന്ന് ഒതുക്കാന്‍ കഴിയാതിരുന്നതാണ് ദുരന്തത്തിന് കാരണമായത്.
ഞായറാഴ്ച രാവിലെ ക്ഷേത്രദര്‍ശനത്തിന് ബൈക്കില്‍പോയ ദന്പതികളും മകനുമാണ് ഇവിടെ ടോറസ് ലോറിയിടിച്ചു മരിച്ചത്. പുറക്കാട് പുന്തല കളത്തില്‍പ്പറമ്പില്‍ സുദേവ് (45), ഭാര്യ വിനീത, മകന് ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനീത ആലപ്പുഴ മെഡിക്കല്‍ കോളേജിൽ ചികിത്സ യിലിരിക്കെയാണ് മരിച്ചത്.
ഇവിടെ ഏതാനും ആഴ്ച മുന്‍പ് ദേശീയ പാതക്കരികില്‍ ഓട നിര്‍മാണത്തിനായെടുത്ത മണ്ണ് നീക്കം ചെയ്യാതെ റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്.ഒരു വാഹനം മറ്റൊരു വാഹനത്തെ മറികടന്നെത്തിയാല്‍ ഒതുക്കാന്‍ കഴിയാതെ വരും. ഈ ദുരന്തത്തിനു കാരണമായത് റോഡരികില്‍ കൂട്ടിയിട്ടിരുന്ന മണ്ണാണ്.
അപകടത്തില്‍പ്പെട്ട ബൈക്കും മണല്‍ക്കൂനയ്ക്ക് മുകളിലാണ് കിടക്കുന്നത്. മണ്ണ് അടിയന്തരമായി നീക്കം ചെയ്ത് ഇനിയും ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തില്‍ പലയിടത്തും റോഡ്, ഓട നിര്‍മാണങ്ങള്‍ക്കായെടുത്ത മണ്ണ് നീക്കം ചെയ്യാതെയിട്ടിരിക്കുകയാണ്.