തുറവൂര്‍: കൊടും ചൂടിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ ഉള്‍കടലിലേയ്ക്ക് മാറിയതോടെ തീരദേശം വറുതിയുടെ പിടിയില്‍. കഴിഞ്ഞ മൂന്നു മാസക്കാലമായി മത്സ്യലഭ്യത ഇല്ലാതായിട്ട്. വള്ളമിറക്കുന്നതിന്റെ ചെലവുപോലും ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. വന്‍തോതില്‍ ചെമ്മീനും ചാളയും അയലയും ലഭിക്കേണ്ട സമയമാണ് ഒരു മീനും ലഭിക്കാതെ ജനം വലയുന്നത്.
ചെല്ലാനം ഹാര്‍ബര്‍, പള്ളിത്തോട് ചാപ്പക്കടവ്, അന്ധകാരനഴി, തൈക്കല്‍ ബീച്ച് എന്നിവിടങ്ങളില്‍ മാത്രം അഞ്ഞൂറോളം വള്ളങ്ങളാണ് കടലില്‍ പോകുന്നത്.
ലൈലാന്‍ഡ് വള്ളങ്ങളും ചെറുവള്ളങ്ങളും മുറിവള്ളങ്ങളുമാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കന്നത്. നിലവില്‍ അന്‍പതില്‍ താഴെ വള്ളങ്ങള്‍ മാത്രമാണ് കടലില്‍ പോകുന്നത്. ഇവര്‍ക്കാകട്ടെ, ചെറിയ അളവില്‍ മത്തിയും പൊടിമീനും മാത്രമേ ലഭിക്കുന്നുള്ളു.
മത്സ്യമേഖല പൂര്‍ണമായും വറുതിയിലായതോടെ മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനംമൂലം മത്തി ഉള്‍പ്പെടെയുള്ളള മത്സ്യങ്ങള്‍ ഉള്‍ക്കടലിലേയ്ക്ക് പോകുന്നതാണ് മത്സ്യലഭ്യത കുറയുവാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അടിയന്തരമായി സൗജന്യ റേഷനെങ്കിലും ലഭ്യമാക്കാനുള്ള നാടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.