വീടുകൾ പെയിന്റ് ചെയ്യുന്നത് ഭൂരിഭാഗം വീട്ടുകാർക്കും തലവേദന ഉണ്ടാക്കുന്ന പ്രക്രിയയാണ്. എന്നാൽ എത്ര വലിയ കെട്ടിടമായാലും ഒറ്റയ്ക്ക് പെയിന്റ് ചെയ്ത് സുന്ദരമാക്കി നൽകുന്നത് വള്ളികുന്നം ദീപാലയത്തിൽ മുരുകനു ഒരു ഹരമാണ്.
1996 ൽ ബാംഗ്ലൂരിൽ ജോലി തേടി പോയപ്പോഴാണ് പെയിന്റിംഗ് ജോലിയിൽ എത്തപ്പെട്ടത്. പിന്നീട് 1999 മുതൽ സ്വന്തമായി ജോലി എടുത്തു ചെയ്തു തുടങ്ങി. ഇതുവരെ വിവിധ ജില്ലകളിലായി ആയിരത്തോളം വീടുകൾ ഒറ്റക്ക് പെയിന്റ് ചെയ്തുനൽകി. വീടുകൾ മാത്രമല്ല നിരവധി ക്ഷേത്രങ്ങളുടെ ജോലിയും വിജയകരമായി മുരുകൻ പൂർത്തീകരിച്ചു.
കോവിഡും ലോക്ഡൗണുമെല്ലാമായി നാട് നിശ്ചലമായ നാളുകളിൽ പോലും മുരുകൻ വെറുതെയിരുന്നില്ല. ഭിത്തികളിൽ പൂട്ടിയിട്ട് പേപ്പർ പിടിച്ചാണ് പെയിന്റ് ചെയ്യുന്നത്. 2,000 സ്ക്വയർ ഫീറ്റ് വീട് പെയിന്റ് ചെയ്യാൻ ഒന്നരമാസം വരെ വേണ്ടിവരും.
എന്നാൽ സാധാരണ വീടിന്റെ പണി 30 ദിവസം കൊണ്ട് പൂർത്തീകരിക്കാൻ കഴിയും. വീട്ടുകാരുടെ ആവശ്യപ്രകാരം ഫർണീച്ചറുകളും പെയിന്റ് ചെയ്തു നൽകും. ജോലി തുടങ്ങുന്നതിന് മുമ്പുതന്നെ താൻ ഒറ്റയ്ക്കാണ് പണി ചെയ്യുന്നതെന്നും പണി പൂർത്തീകരിക്കാൻ താമസമുണ്ടാകുമെന്നും വീട്ടുകാരെ ബോധ്യപ്പെടുത്തും.അവർ സമ്മതിച്ചാൽ ഒരു തുക പറഞ്ഞ് ജോലി ഏറ്റെടുക്കുകയാണ് പതിവ്…
പെയിന്റ് ചെയ്യാൻ യന്ത്രങ്ങൾ ഉപയോഗിക്കുമെങ്കിലും മറ്റാരുടെയും സഹായം ഉപയോഗിച്ചിട്ടില്ല. ബഹുനില കെട്ടിടങ്ങളുടെ മുകൾ ഭാഗങ്ങൾ പെയിന്റ് ചെയ്യാൻ സുരക്ഷയ്ക്കായി കയർ പിടിക്കാനുള്ള സഹായം മാത്രമാണ് തേടിയതെന്നു മുരുകൻ പറയുന്നു.
പലരും നിരുത്സാഹപ്പെടുത്താൻ എത്തിയെങ്കിലും ഒറ്റയ്ക്ക് ജോലിചെയ്യുക എന്ന തീരുമാനത്തിന് ഇതൊന്നും എന്നാൽ തടസമായില്ലെന്നും മുരുകൻ പറയുന്നു. ഇപ്പോൾ വാഹനങ്ങളുടെ പെയിന്റിംഗും ഏറ്റെടുത്ത് ചെയ്യാറുണ്ട്.
ഭാര്യ ധന്യയുടെയും മക്കളായ വൈഷ്ണവ്, വൈഗ എന്നിവരുടെയും പൂർണ പിന്തുണയും മുരുകനുണ്ട്.