കാസർഗോഡ്: പറമ്പിലേക്ക് വെള്ളമെത്തുന്ന പൈപ്പ് ശരിയാക്കാൻ പോയ യുവാവിനെ കാട്ടാന എടുത്തെറിഞ്ഞു. പനത്തടി പഞ്ചായത്തിൽ കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ദേവരോലിക്കൽ ബേബിയുടെ മകൻ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ പ്രാഥമിക ചികിത്സകൾക്കുശേഷം പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റും.
ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. വനാതിർത്തിക്കു സമീപമാണ് പൈപ്പ് സ്ഥാപിച്ചിരുന്നത്. തൊട്ടടുത്ത റബർ തോട്ടത്തിൽ ടാപ്പിംഗ് നടത്തുകയായിരുന്ന സുകു എന്ന യുവാവാണ് പരിക്കേറ്റു കിടന്ന ഉണ്ണിയെ കണ്ടത്.
തുടർന്ന് കൂടുതൽ ആളുകളെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തിനും കർണാടക വനാതിർത്തിക്കും അടുത്തു കിടക്കുന്ന ഈ പ്രദേശത്ത് നാളുകളായി കാട്ടാനകളുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ജനവാസകേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിച്ച സംഭവങ്ങൾ വ്യാപകമാണെങ്കിലും മനുഷ്യർക്കുനേരെ നേരിട്ട് ആക്രമണമുണ്ടാകുന്നത് ആദ്യമായിട്ടാണ്.