കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഇന്ന് ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,720 രൂപയും പവന് 53,760 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2383 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്.
24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം രൂപയായി. 2004ല്‍ ഒരു കിലോഗ്രാമിന് 7.5 ലക്ഷം രൂപയായിരുന്നതാണ് ഇപ്പോള്‍ 75 ലക്ഷം രൂപയായിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2340 കടന്ന് 2387 ഡോളര്‍ പുതിയ ഉയരം രേഖപ്പെടുത്തി. ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍ ഇന്ന് 58,500 രൂപയ്ക്ക് അടുത്ത് നല്‍കണം. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5620 രൂപയായി.
വെള്ളി വിലയും ഉയരുകയാണ്. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതിനാല്‍ സ്വര്‍ണത്തിനായുള്ള സമീപകാല അപ്പീല്‍ ശക്തമാണ്. വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ നിക്ഷേപകരെ സ്വര്‍ണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്നു.
സ്വര്‍ണ വില ഉടനെ കുറയുമോ?
സാങ്കേതിക തിരുത്തലുകള്‍ എല്ലാ മാര്‍ക്കറ്റിലും സംഭവിക്കാം. അതിന്റെ അടിസ്ഥാനത്തില്‍ 100 മുതൽ 150 ഡോളര്‍ വരെ കുറയാം. എന്നാല്‍ ഇത്തവണ സമാനതകളില്ലാത്ത വില വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 50 ഡോളര്‍ പോലും കുറഞ്ഞിട്ടില്ല. വിപണിയില്‍ ഏകീകരണം (കണ്സോളിഡേഷന്) നടന്നാല്‍ അടിസ്ഥാനപരമായ കാരണം കൊണ്ട് കയറുന്ന വില കുറയാന്‍ സമയമെടക്കാമെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സ്വന്തം ലേഖിക