തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി 3,000 കോടി രൂപ കടമെടുക്കാൻ താത്കാലിക അനുമതി നൽകി കേന്ദ്രസർക്കാർ. 5,000 കോടി കടമെടുക്കാൻ അനുമതി തേടിയതിനു പിന്നാലെയാണ് 3,000 കോടിയുടെ താത്കാലിക അനുമതി ലഭിച്ചത്.
ഈ സാന്പത്തികവർഷത്തെ വായ്പാപരിധിയിൽനിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി. ഈ സാന്പത്തികവർഷം കടമെടുക്കാനുള്ള പരിധിയിൽ വലിയ വെട്ടിക്കുറവു വരുത്തില്ലെന്നാണു സംസ്ഥാന ധനവകുപ്പിന്റെ പ്രതീക്ഷ.
37,000-38,000 കോടി രൂപയുടെ കടമെടുക്കാൻ ഈ സാന്പത്തിക വർഷം അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. മുൻ വർഷങ്ങളിൽ ബജറ്റിനു പുറത്ത് കിഫ്ബിയിൽനിന്നും കടമെടുത്തിരുന്നു. ഇതു വായ്പാ പരിധിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട തർക്കവും ഉയർന്നിരുന്നു.
ബജറ്റിനു പുറത്തെ കടമെടുപ്പും മറ്റും ഇപ്പോൾ കേന്ദ്ര ഏജൻസികളുടെ അന്വേഷണവും നേരിടുന്നുണ്ട്. അതിനിടെ, ക്ഷേമപെൻഷൻ അടക്കം വിതരണം ചെയ്യുന്നതിനായി 2,000 കോടി രൂപ സഹകരണ ക്ഷേമനിധിയിൽ നിന്നു കടമെടുത്തിരുന്നു. 9.1 ശതമാനം പലിശ നിരക്കിലാണ് തുക കടമെടുത്തത്. ഇപ്പോൾ രണ്ടുമാസത്തെ ക്ഷേമപെൻഷനാണ് വിതരണം നടത്തിവരുന്നത്.