തിരുവനന്തപുരം: കടുത്ത വേനൽച്ചൂടിന് ആശ്വാസമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് കൂടുതൽ വേനൽമഴ ലഭിച്ചത് ഒൻപത് സെന്റിമീറ്റർ.
കുമരകം (കോട്ടയം) ആറ് സെന്റിമീറ്റർ, കുരുടാമണ്ണിൽ (പത്തനംതിട്ട) അഞ്ച് സെന്റിമീറ്റർ, തിരുവനന്തപുരം എയർപോർട്ട്, ആര്യങ്കാവ് (കൊല്ലം), കോന്നി (പത്തനംതിട്ട), മങ്കൊന്പ് (ആലപ്പുഴ), വെള്ളായണി (തിരുവനന്തപുരം) എന്നിവിടങ്ങളിൽ മൂന്നു സെന്റിമീറ്റർ വീതവും മഴ പെയ്തു. മറ്റു പ്രദേശങ്ങളിലും ഒറ്റപ്പട്ട ഇടങ്ങളിലായി മഴ ലഭിച്ചു.
സംസ്ഥാനത്തെ പരമാവധി താപനിലയിൽ വലിയ മാറ്റമില്ല. കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ ചൂട് സാധാരണയേക്കാൾ കൂടുതലായിരുന്നു. ആലപ്പുഴ, മലപ്പുറം, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളിലും കേരളത്തിലെ മറ്റിടങ്ങളിലും ചൂട് സാധാരണ നിലയിലായിരുന്നു. ഏറ്റവും ഉയർന്ന താപനില 39.8 സെൽഷസ് പാലക്കാട്ട് രേഖപ്പെടുത്തി.