തൃശൂര്‍: സുരേഷ് ഗോപിയെ മിടുക്കനെന്ന് അഭിനന്ദിച്ചു വെട്ടിലായി എൽഡിഎഫ് ഭരിക്കുന്ന തൃശൂർ കോർപറേഷന്റെ മേയർ എം.കെ. വർഗീസ്. സംഭവം കോൺഗ്രസ് ഏറ്റുപിടിച്ചു വിവാദമാക്കുകയും ഇടതു കേന്ദ്രങ്ങളിൽനിന്നു പ്രതിഷേധം ഉയരുകയും ചെയ്തതോടെ മലക്കംമറിഞ്ഞ് മേയറുടെ തിരുത്ത്.
എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ടു തേടി മേയറുടെ ചേംബറിലെത്തിയപ്പോൾ, കോര്‍പറേഷനു പ്രഖ്യാപിച്ച പണം മുഴുവന്‍ നല്‍കിയയാൾ എന്നുപറഞ്ഞായിരുന്നു മേയറുടെ പുകഴ്ത്തല്‍. ‘എംപിയാകുക എന്നു പറഞ്ഞാല്‍ ആര്‍ക്കും പറ്റുന്ന സംഭവമല്ല. അതിനു കുറേ ഗുണങ്ങള്‍ വേണം. ജനമനസിലേക്ക് ഇറങ്ങിച്ചെല്ലണം. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കണം. അവരുടെ കൂടെ നില്‍ക്കണം. അവരുടെ ആവശ്യങ്ങള്‍ തിരിച്ചറിയണം. അങ്ങനെയുള്ളവരെ ആണല്ലോ നമ്മള് പൊതുവേ തെരഞ്ഞെടുത്തു വിടുന്നത്. ഇതെല്ലാം സുരേഷ് ഗോപിക്കുണ്ട് എന്നതു കാലങ്ങളായി നാം കണ്ടുവരുന്നതാണ്. അദ്ദേഹം തെരഞ്ഞെടുക്കപ്പെടാന്‍ യോഗ്യനാണ്’ -മേയർ പറഞ്ഞു.
കോൺഗ്രസ് വിമതനായി മത്സരിച്ച് ഇടതുപിന്തുണയോടെ മേയറായ എം.കെ. വർഗീസിന്റെ പ്രസ്താവന ഇടതുകേന്ദ്രങ്ങളില്‍ വന്പ്രതിഷേധമുണ്ടാക്കി. സിപിഎം -ബിജെപി അന്തര്‍ധാര വ്യക്തമാക്കുന്ന വാക്കുകളാണു മേയറുടേതെന്നു യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് കുറ്റപ്പെടുത്തി. കെ. മുരളീധരന് മാത്രം തോല്‍ക്കണമെന്നല്ല മേയര്‍ പറഞ്ഞത്, സുനില്‍കുമാറും തോല്‍ക്കണമെന്നാണ്.
തൃശൂരില്‍ ബിജെപി തോല്‍ക്കണമെങ്കില്‍ യുഡിഎഫ് ജയിക്കണമെന്നും മുരളീധരൻ പറഞ്ഞു.തുടർന്നാണു സുരേഷ്ഗോപിയെ പിന്തുണച്ചിട്ടില്ലെന്നു വിശദീകരിച്ച് മേയര്‍ രംഗത്തുവന്നത്. സുരേഷ്ഗോപി നല്ല കാര്യങ്ങള്‍ ചെയ്തെന്നാണു താന്‍ പറഞ്ഞത്.
മൂന്നു സ്ഥാനാര്‍ഥികളും മിടുക്കരാണ്. വി.എസ്. സുനില്‍കുമാര്‍ എക്സ്ട്രാ ഓര്‍ഡിനറി മിടുക്കനാണ്. സുരേഷ്ഗോപിക്കു രാഷ്ട്രീയ പിന്തുണയില്ല.” തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേയർ തിരുത്തി.
സ്വന്തം ലേഖകൻ