മലയാളം സീരിയലുകളില്‍ ഏറ്റവുമധികം റേറ്റിംഗുള്ള സീരിയലുകളില്‍ ഒന്നായിരുന്നു ദത്തുപുത്രി. ഈ സീരിയല്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. നായിക കഥാപാത്രത്തെ അവതരിപ്പിച്ച ആതിര സന്തോഷ് എന്ന അതിഥിയുടെ ആത്മഹത്യ ശ്രമമാണ് ഇപ്പോള്‍ വാര്‍ത്തകള്‍ക്ക് ആധാരം. സംവിധായകന്റെ പീഡനത്തെ തുടര്‍ന്നാണ് മലയാളിയായ നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെടുനാള്‍ വാടെ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു അതിഥി. നവാഗതനായ സെല്‍വകണ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെല്‍വകണ്ണന്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതാണ് ആത്മഹത്യ ശ്രമത്തിനു പിന്നിലെന്ന് നടി പറയുന്നു.
ലൊക്കേഷനില്‍ നിന്ന് അതിഥിയ്ക്ക് മോശമായ അനുഭവങ്ങളാണ് ഉണ്ടായത്. ലൈംഗികമായും മാനസികമായും സംവിധായകന്‍ സെല്‍വകണ്ണന്‍ പീഡിപ്പിച്ചതായി സുഹൃത്തുക്കള്‍ പറയുന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും നടി പറയുന്നു. പോലീസിലും നടികര്‍ സംഘത്തിലും ഇതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. വിശാലിനെ നേരിട്ട് കണ്ട് പരാതി പറഞ്ഞിട്ടുണ്ടെന്നും നടി വ്യക്തമാക്കി.
നടികര്‍സംഘത്തില്‍ അംഗമല്ലാത്തതിനാല്‍ ആ വഴി ഒന്നും ചെയ്യാന്‍ കഴിയില്ല എന്നാണ് പ്രസിഡന്റ് നാസര്‍ പറഞ്ഞതത്രെ. എന്നിരുന്നാലും മനുഷ്യാവകാശത്തിന്റെ പേരില്‍ ഇതേ കുറിച്ച് അന്വേഷിക്കും എന്ന് സംഘടന പറഞ്ഞിട്ടുണ്ട്. വിശാല്‍ നേരിട്ട് ആശുപത്രിയില്‍ എത്തി വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തതായി നടിയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു വര്‍ഷമായി ഈ ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ട്. ആദ്യത്തെ നായകനെ ഓരോ കാരണങ്ങള്‍ പറഞ്ഞു മാറ്റി മറ്റൊരു നായകനെ തീരുമാനിക്കുകയും അങ്ങനെ ചിത്രീകരണം അയാള്‍ മനഃപൂര്‍വം നീട്ടിവക്കുകയായിരുന്നു. എപ്പോള്‍ ഉറങ്ങണമെന്നും എന്തു കഴിക്കണമെന്നും അയാളാണ് തീരുമാനിച്ചിരുന്നത്. റൂമില്‍ വന്ന് ഉപദ്രവിക്കുമായിരുന്നു. അതൊക്കെ പറയാന്‍ പോലും പേടിയാണ്. രക്ഷപ്പെട്ട് പുറത്തുപോകണമെന്ന് പറഞ്ഞപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചു. അറിയാത്ത ലോകം ആയതുകൊണ്ടു തന്നെ എന്ത് ചെയ്യണമെന്ന് പോലും അറിയില്ലായിരുന്നു-നടി പറയുന്നു. അതേസമയം നടിയുടെ ആരോപണം പച്ചക്കള്ളമാണെന്നാണ് സംവിധായകന്‍ പറയുന്നത്.
അതേസമയം മലയാള സീരിയല്‍ രംഗത്തെ ആരും കാര്യങ്ങള്‍ അന്വേഷിച്ചെത്തുകയോ ഒന്നു സമാധാനിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് നടി പറയുന്നു. സീരിയല്‍ രംഗത്ത് നിരവധി സുഹൃത്തുക്കള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ അന്വേഷിച്ചത് ചുരുക്കം ചിലര്‍ മാത്രമാണ്. സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായിരുന്ന ആതിര സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണ് ജോലി രാജിവച്ചത്.