പാരീസ്: പശുക്കൾ അമറുന്നതിനും കോഴികള്‍ കൂവുന്നതിനുമെതിരേ കേസെടുക്കാൻ പറ്റില്ലെന്ന നിയമം പാസാക്കി ഫ്രാൻസ്. പുതിയ നിയമപ്രകാരം ട്രക്ടറുകളുടെ ശബ്ദം, കോഴികളുടെ കൂവല്‍, പശുക്കളുടെ അമറല്‍, കൃഷിക്കുള്ള വളത്തിന്റെ മണം എന്നിവയെക്കുറിച്ച് ഇനി ഫ്രാന്‍സില്‍ പരാതിപ്പെടാനാവില്ല. ഫാമുകള്‍, ബാര്‍, റസ്റ്ററന്റ്, മറ്റു ഷോപ്പുകള്‍ എന്നിവയ്ക്കു സമീപം താമസിക്കുന്നവർ ശബ്ദശല്യത്തെക്കുറിച്ചു പരാതിപ്പെട്ടാലും കേസെടുക്കില്ല.
ഫ്രാന്‍സിലെ കോടതികളില്‍ ഇത്തരം നൂറുകണക്കിനു പരാതികൾ ഓരോവർഷവും എത്തിയിരുന്നു. പരാതികളിലധികവും ഗ്രാമീണമേഖലയിലേക്കു താമസം മാറ്റിയ നഗരവാസികളില്നിന്നുള്ളതായിരുന്നു. എന്നാൽ, നാട്ടിൻപുറങ്ങളിലേക്കു മാറുന്നവർക്ക് അവിടെയുള്ളവർ ജീവിതരീതി മാറ്റണമെന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നു പുതിയ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു നീതിന്യായ മന്ത്രി എറിക് ഡ്യൂപോണ്ട് പറഞ്ഞു. നാട്ടിന്‍പുറങ്ങള്‍ ഇഷ്ടമില്ലാത്തവര്‍ നഗരങ്ങളില്‍തന്നെ തുടരണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
2019ൽ കോഴി കൂവിയെന്ന പരാതിയുമായി അയല്‍വാസി ഫ്രഞ്ച് കോടതിയെ സമീപിച്ചപ്പോൾ ഗ്രാമങ്ങളില്‍ കോഴികള്‍ക്കു കൂവാമെന്നു കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെ വീട്ടിലെ തവളകള്‍ വലിയ ശബ്ദശല്യമുണ്ടാക്കുന്നുവെന്ന പരാതിയുമായി 92 വയസുള്ള ഒരാൾ കോടതിയിലെത്തി.
ഈ കേസില്‍ തവളകളെ പിടികൂടി പ്രദേശത്തുനിന്നു മാറ്റാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇത്തരം കേസുകള്‍ വര്‍ധിച്ചതോടെ മൂന്നുവര്‍ഷം മുമ്പ് “സെൻസറി ഹെറിറ്റേജ്’ നിയമം ഫ്രാന്‍സ് പാസാക്കിയെങ്കിലും കേസുകള്‍ തുടര്‍ന്നു.
തുടര്‍ന്നാണു പുതിയ നിയമനിര്‍മാണത്തിന് ഫ്രഞ്ച് പാര്‍ലമെന്റ് തയാറായത്. പ്രതിപക്ഷമായ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ ചില എംപിമാര്‍ നിയമത്തിനെതിരേ രംഗത്തെത്തിയെന്നു ഗാര്ഡിയന് പത്രം റിപ്പോര്‍ട്ട് ചെയ്തു.