പാലക്കാട്: മലന്പുഴ കൊട്ടേക്കാട് ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചെരിഞ്ഞു. ഡോ. ഡേവിഡ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള വെറ്ററിനറി ഡോക്ടർമാരും വനപാലകരും ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് ചെരിഞ്ഞത്. ആനയെ ചികിത്സിക്കുന്നതിനായി മൃഗഡോക്ടർമാരുടെ സാന്നിധ്യത്തിൽ വനത്തിൽ താത്കാലിക ചികിത്സാസൗകര്യം ഒരുക്കിയിരുന്നു.
ബുധനാഴ്ച മലന്പുഴ കൊട്ടേക്കാട് റെയിൽവേ ഗേറ്റിനു സമീപം പാളം മുറിച്ചുകടക്കുന്നതിനിടെ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയ്ക്കാണ് ട്രെയിൻ തട്ടി പരിക്കേറ്റത്. കുടിവെള്ളത്തിനായി ജനവാസമേഖലയിലിറങ്ങിയ കാട്ടാനക്കൂട്ടം തിരിച്ചുപോകുന്നതിനിടെയാണ് അപകടം. ആനയ്ക്കു വെള്ളവും ഗ്ലൂക്കോസും വേദനസംഹാരിയും നൽകിയിട്ടും ഭക്ഷണം കഴിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ വലതുകാലിനും ഇടുപ്പെല്ലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, ആനയെ ട്രെയിൻ ഇടിച്ചിരിക്കാൻ സാധ്യതയില്ലെന്നാണ് കഴിഞ്ഞദിവസം വനംവകുപ്പ് സർജൻ വ്യക്തമാക്കിയത്. നേരിട്ട് ഇടിയേറ്റതിന്റെ പരിക്കുകളോ പാടുകളോ ആനയുടെ ശരീരത്തിൽ ഇല്ലെന്നു പരിശോധനയിൽ കണ്ടെത്തിയിരുന്നു. ട്രെയിൻ വന്ന സമയത്തു വേഗത്തിൽ ഓടിവീണ് പരിക്കേറ്റതായിരിക്കാമെന്നായിരുന്നു വിലയിരുത്തൽ.