തിരുവനന്തപുരം: ഭരണഘടനാ ശിൽപി ഡോ.ബി.ആർ. അംബേദ്കറുടെ ജന്മവാർഷികത്തിന്റെ ആഘോഷത്തിലാണ് രാജ്യം. അംബേദ്കർ ജയന്തിയോടനുബന്ധിച്ച് രാജ്യത്തിന്റെ പല സ്ഥലങ്ങളിലും വൈവിധ്യങ്ങളായ ആഘോഷപരിപാടികളും സേവനപ്രവർത്തനങ്ങളും നടത്തുന്നു.
ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ പുരോഗമനാശയങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയർന്നുവരുന്ന ഈ സമയത്ത് അംബേദ്കറിന്റെ ഓർമകൾക്ക് വലിയ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വർഗീയ ശക്തികൾ മതത്തിന്റേയും വംശീയതയുടെയും പേരുപറഞ്ഞു നാടിനെ ധ്രുവീകരിക്കാൻ വിപുലമായ നീക്കങ്ങൾ നടത്തിവരികയാണ്. തങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി അവർ കയ്യൂക്കും രാഷ്ട്രീയാധികാരവും ഉപയോഗപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…
സാമൂഹിക നീതിയിലും ജനാധിപത്യ മൂല്യങ്ങളിലും അധിഷ്ഠിതമായ ഒരു ലോകം കെട്ടിപ്പടുക്കാനായി നിരന്തരം ശബ്ദമുയർത്തിയ സമരപോരാളിയായിരുന്നു ഡോ. ബിആർ അംബേദ്കർ. ജാതി വ്യവസ്ഥക്കെതിരെയും ജാതീയമായ പീഡനങ്ങൾക്കെതിരെയും അദ്ദേഹമെടുത്ത ഉറച്ച നിലപാട് ഇപ്പോഴും വലിയ പ്രചോദനം നൽകുന്നു.
രാജ്യത്ത് എല്ലാവർക്കും തുല്യപരിരക്ഷയും തുല്യനീതിയും ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനക്ക് രൂപം നല്കാൻ അദ്ദേഹം നേതൃത്വം നൽകി. ഭരണഘടനാമൂല്യങ്ങൾക്കും ജനാധിപത്യ പുരോഗമനാശയങ്ങൾക്കും നേരെ വലിയ വെല്ലുവിളികൾ ഉയർന്നുവരുന്ന ഈ സമയത്ത് അംബേദ്കറിന്റെ ഓർമകൾക്ക് വലിയ പ്രസക്തിയുണ്ട്.
വർഗീയ ശക്തികൾ മതത്തിന്റേയും വംശീയതയുടെയും പേരുപറഞ്ഞു നാടിനെ ധ്രുവീകരിക്കാൻ വിപുലമായ നീക്കങ്ങൾ നടത്തിവരികയാണ്. തങ്ങളുടെ വർഗീയ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനായി അവർ കയ്യൂക്കും രാഷ്ട്രീയാധികാരവും ഉപയോഗപ്പെടുത്തുന്നു.
ഇതിനെതിരെ ജനകീയ പ്രതിരോധമുയർന്നു വരേണ്ട സമയമാണിത്. ഈ സുപ്രധാന ഘട്ടത്തിൽ അവസരവാദ രാഷ്ട്രീയം കളിക്കുന്നവരെയും തിരിച്ചറിയേണ്ടതുണ്ട്. നമ്മെ ഭിന്നിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന ശക്തികൾക്കെതിരെ, ജാഗ്രതയോടെ, ഒന്നിച്ചണിനിരക്കാം. എല്ലാവർക്കും അംബേദ്കർ ജയന്തി ആശംസകൾ.