കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന് ഉള്‍പ്പെട്ട മാസപ്പടി കേസില്‍ സിഎംആര്‍എല്‍ എംഡി ഒഴികെയുള്ള മൂന്ന് ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇഡി)ന്റെ മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരായി. കമ്പനി ചീഫ് ഫിനാന്‍സ് ഓഫീസര്‍ കെ.എസ്. സുരേഷ് കുമാര്‍, മാനേജര്‍ എന്‍.സി. ചന്ദ്രശേഖരന്, സീനിയര്‍ ഐടി ഓഫീസര്‍ അഞ്ജു റേച്ചല്‍ എന്നിവരാണ് ഇന്ന് രാവിലെ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയത്.
അതേസമയം സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത എത്തിയില്ല. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നു. സിഎംആര്‍എല്‍ കമ്പനിയും മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സലോജിക് കമ്പനിയും തമ്മില്‍ ഉണ്ടാക്കിയ സാമ്പത്തിക ഇടപാടിന്റെ രേഖകളും പണം കൈമാറിയ ഇന്‍വോയ്സുകളും ലെഡ്ജര്‍ അക്കൗണ്ടും ചോദ്യം ചെയ്യലിന് എത്തുമ്പോള്‍ ഹാജരാക്കാനും ഇഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിന്നുള്ള ഇഡിയുടെ ഉന്നത ഉദ്യോഗസ്ഥരും ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിയിട്ടുണ്ട്. ഈ മാസം എട്ടിന് ഹാജരാകാന്‍ ആയിരുന്നു നേരത്തെ ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കിയതെങ്കിലും ഉദ്യോഗസ്ഥര്‍ ആരും അന്ന് ഹാജരായിരുന്നില്ല.
അതേസമയം, വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യുഷന്‍സ് എന്ന കമ്പനിയുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിനെതിരേ സിഎംആര്‍എല്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന് കര്ത്തയടക്കമുള്ളവര് നല്കിയ ഹര്‍ജിയിലായിരുന്നു ജസ്റ്റീസ് ടി.ആര്. രവിയുടെ ഉത്തരവ്.