സീമ മോഹന്‍ലാല്‍
കൊച്ചി: ജോലി ഭാരത്താല്‍ നട്ടം തിരിയുന്ന സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇരുട്ടടിയായി തമിഴ്നാട് ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ലോക്കല്‍ പോലീസ് സ്റ്റേഷനുകളിലെ 780 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഏപ്രില്‍ 19ന് നടക്കുന്ന തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പിനുള്ള ഡ്യൂട്ടി ലഭിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കായി നാളെ തമിഴ്നാട്ടിലേക്ക് തിരിക്കും.
തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, കോട്ടയം, ഇടുക്കി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി, തൃശൂര്‍ റൂറല്‍, പാലക്കാട് എന്നിവിടങ്ങളിലെ ലോക്കല്‍ സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെയാണ് തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിരിക്കുന്നത്. മേല്‍പ്പറഞ്ഞ സ്ഥലങ്ങളിലെ ലോക്കല്‍ സ്റ്റേഷനുകളില്‍ നിന്നായി മുപ്പത് എസ്ഐ/എഎസ്ഐമാരും, 75 വീതം സീനിയര്‍ സിപിഒ/ സിപിഒമാരും തമിഴ്നാട് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോകണം.
മുന്‍ വര്‍ഷങ്ങളില്‍ ബറ്റാലിയനുകളില്‍ നിന്നായി പത്തു കമ്പനി പോലീസുകാരാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പോയിരുന്നത്. എന്നാല്‍ ഇത്തവണ സംസ്ഥാനത്തുനിന്ന് 20 കമ്പനി പോലീസിനെ വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും ആഭ്യന്തര മന്ത്രാലയവും ആവശ്യപ്പെടുകയായിരുന്നു. ബറ്റാലിയനില്‍ ഇത്രയും പോലീസ് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ലോക്കല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി വിന്യസിക്കുകയായിരുന്നു.
അതേസമയം സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ജോലി ഭാരം മൂലം വലയുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള വിവിഐപികള്‍ സംസ്ഥാനത്തുണ്ട്. വിവിഐപികളുടെ സന്ദര്‍ശനം ഉണ്ടാകുമ്പോഴെല്ലാം അതിനു മുന്നിലുള്ള ദിവസങ്ങളില്‍ ഡ്യൂട്ടി ബ്രീഫിംഗ്, റിഹേഴ്സല്‍ തുടങ്ങിയവയ്ക്കായി മൂന്നു മണിക്കൂറോളം നഷ്ടപ്പെടുന്നുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വിവിഐപികള്‍ എത്തുന്ന ദിവസം നാലു മണിക്കൂര്‍ മുമ്പ് ഡ്യൂട്ടി പോയിന്റില്‍ എത്തണം. കണ്ടിജന്‍സി റൂട്ടിലാണെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ നാലു മണിക്കൂര്‍ മുമ്പ് എത്തിയിരിക്കണമെന്നാണ് നിര്‍ദേശം.ഇത്തവണ 13 മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വിവിഐപി ഡ്യൂട്ടിയിലായിരുന്നു. വിഐപി ഡ്യൂട്ടി മൂലം പലര്‍ക്കും ഇന്നലെ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കാന്‍ കഴിഞ്ഞില്ല.
ഇന്ന് പ്രധാനമന്ത്രിയുടെ ആലത്തൂര്‍, ആറ്റിങ്ങല്‍ സന്ദര്‍ശനം. 17 മുതല്‍ 20 വരെ തൃശൂര്‍ പൂരം ഡ്യൂട്ടി, 22 ന് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം, 24 ന് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം, 25, 26 തീയതികളിലായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി. അതുകൊണ്ടുതന്നെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെല്ലാം കടന്നു പോകുന്നത് ജോലി ഭാരത്തിന്റെ ദിനം കൂടിയാണ്.
ഇതിനെല്ലാം പുറമേ കോടതി ഡ്യൂട്ടി, ഇന്‍വെസ്റ്റിഗേഷന്‍ ഡ്യൂട്ടി ഇവയെല്ലാം യഥാസമയം ചെയ്തു തീര്‍ത്തില്ലെങ്കില്‍ മേല്‍ ഉദ്യോഗസ്ഥരുടെ മെമ്മോയ്ക്ക് മറുപടി എഴുതാന്‍ സമയം തികയില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംസ്ഥാനത്ത് 55,000 പോലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇതില്‍ 28,000 പേരാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ഡ്യൂട്ടി ചെയ്യുന്നത്.
്