മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കു സുപരിചിതയാണു മായാ കൃഷ്ണ. കോമഡി സ്കിറ്റുകളിലെ മിന്നും താരം. കോമഡി ഫെസ്റ്റിവൽ ഷോയിലൂടെയാണ് വരവ്. സ്റ്റാര്‍ സിംഗര്‍ പരിപാടിയില്‍ ബാക്ക്ഗ്രൗണ്ട് ഡാന്‍സ് കളിച്ചാണ് ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത്. ഇതിനകം പത്തോളം സിനിമകളുടെയും ഭാഗമായി. മായാ കൃഷ്ണ രാഷ്ട്ര ദീപികയോട്…
തുടക്കം ഡാന്‍സ്
ഞാനൊരു ക്ലാസിക്കല്‍ ഡാന്‍സര്‍ ആണ്. സരസ്വതി കലാക്ഷേത്രത്തിലായിരുന്നു പഠനം. കലാമണ്ഡലം സരസ്വതി ടീച്ചറുടെ മകൾ പ്രസന്ന ഉണ്ണി ടീച്ചറുടെ കീഴില്‍ 15 വര്‍ഷത്തോളം നൃത്തം പഠിച്ചു. പിന്നീട് റിയാലിറ്റി ഷോയ്ക്കിടയിൽ ഡാൻസ് കളിക്കാൻ അവസരം കിട്ടി.
സ്കിറ്റിലേക്ക്
ഉര്‍വശി ചേച്ചി, പക്രു ചേട്ടന്, ഡയറക്ടര്‍ സിദ്ധിക്ക് സാര്‍ എന്നിവരായിരുന്നു കോമഡി ഫെസ്റ്റിവല്‍ ഷോയിലെ ജഡ്ജസ്. ഉല്ലാസ് പന്തളവും ശശാങ്കനും ഒക്കെയാണ് സ്കിറ്റ് കളിക്കുന്നത്. ഒരു ദിവസം അവര്‍ വിളിച്ച ആര്‍ട്ടിസ്റ്റ് വന്നില്ല. ഒരു സ്കിറ്റില്‍ കുറച്ച് ഉയരമൊക്കെയുള്ള ഒരു കുട്ടിയെ വേണ്ടിവന്നു. ഡാന്‍സ് കളിക്കുന്നവരിൽ ഞാന്‍ മാത്രമായിരുന്നു കുറച്ചു ഹൈറ്റും വെയ്റ്റും ഉള്ള ആള്. തത്കാലത്തേക്ക് എന്നെ നിര്‍ത്തി. ചെയ്തു കഴിഞ്ഞപ്പോള്‍ ഉര്‍വശിച്ചേച്ചിയും സിദ്ദിക്ക് സാറും പറഞ്ഞു, ഇവള് തരക്കേടില്ലാതെ ചെയ്യുന്നുണ്ടല്ലോ, അഭിനയിക്കാന്‍ കൂടുതല്‍ അവസരം കൊടുക്കാൻ.
ആദ്യം റിക്കാര്‍ഡിംഗ് സ്കിറ്റ്
ആദ്യമൊക്കെ റിക്കാര്‍ഡിംഗ് സ്കിറ്റിലാണ് എന്നെ പരിഗണിച്ചത്. റിയാലിറ്റി ഷോയില്‍ കടുത്ത മത്സരം നടക്കുന്നതിനാല്‍ മികച്ച ഫീമെയില്‍ ആര്‍ട്ടിസ്റ്റുകളെ മാത്രമാണ് ലൈവ് സ്കിറ്റുകളിലേക്കു പരിഗണിച്ചിരുന്നത്. ചെറിയ തട്ടുകേട് പറ്റിയാല്‍ മാര്‍ക്ക് പോകുമെന്നതായിരുന്നു കാരണം. എന്നാല്‍, മായയ്ക്കു ലൈവ് സ്കിറ്റ് ചെയ്തു വിജയിപ്പിക്കാനാവും എന്നു പറഞ്ഞ് അങ്ങനെയൊരവസരം തന്നത് നസീര്‍ സംക്രാന്തി ഇക്കയാണ്.
സീമ ജി. നായര്‍
സായ്കുമാര് സാറിന്റെ ആദ്യ ഭാര്യയുടെ സഹോദരി വിജയകുമാരിയമ്മ സംസ്ഥാന അവാര്‍ഡൊക്കെ ലഭിച്ച വലിയൊരു നാടക കലാകാരിയാണ്. വിജയകുമാരിയമ്മ കോമഡി സ്റ്റാര്‍സില്‍ ഗസ്റ്റായി വരാറുണ്ടായിരുന്നു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ എനിക്ക് അമ്മ മാത്രമാണ് ഉള്ളതെന്നും വാടക വീട്ടിലാണ് താമസമെന്നുമൊക്കെ പറഞ്ഞപ്പോള്‍ സീമ ജി. നായര്‍ ഇങ്ങനെ ഏറെപ്പേരെ സഹായിക്കുന്നുണ്ടെന്നു പറഞ്ഞു. ജയകുമാരിയമ്മയാണ് എന്റെ അവസ്ഥ സീമച്ചേച്ചിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഒരു വര്‍ഷംകൊണ്ട് സീമച്ചേച്ചി സ്ഥലമൊക്കെ വാങ്ങി എനിക്കൊരു വീടുവച്ചു തന്നു.
അമ്മയും ഞാനും
ഓര്മ വച്ച കാലം മുതല്‍ അമ്മയൊരു വീട്ടില്‍ ജോലിക്കു നില്‍ക്കുകയായിരുന്നു. അമ്മയുടെ കഷ്ടപ്പാടു കണ്ടു ഞാനും നാലാം ക്ലാസ് പഠിക്കുമ്പോള്‍ മുതല്‍ അമ്മയെ സഹായിക്കാന്‍ പോയിത്തുടങ്ങി. വാടകവീട് എടുക്കാന്‍ പോലും നിവൃത്തി ഇല്ലാത്തതിനാല്‍ അമ്മ ജോലിക്കുനിന്ന വീടിനോടു ചേര്‍ന്നുള്ള ചെറിയ മുറിയിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്.
അന്ന് ആ വീട്ടില്‍ വയസായ മുത്തശിയുണ്ടായിരുന്നു. അവരുടെ കാര്യങ്ങള്‍ നോക്കിയാണ് ഞാന്‍ ആദ്യമായി ഒരു ജോലിക്കാരിയായത്. അല്‍സ്ഹൈമേഴ്സ് ബാധിച്ചിരുന്ന ആ മുത്തശിക്കു യൂറിന്‍ പോകുന്നതുപോലും അറിയില്ല. 200 രൂപയാണ് ആദ്യമായി കിട്ടിയ ശമ്പളം. ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുന്നതു വരെ അവിടെത്തന്നെയായിരുന്നു താമസം. അവിടെനിന്നാണ് നൃത്തക്ലാസിനൊക്കെ പോയിരുന്നത്.
അമ്മയാണ് ശക്തി
അമ്മയ്ക്കു നല്ല കുറച്ചു കാലം നല്‍കുക എന്നതു മാത്രമാണ് വലിയ ലക്ഷ്യം. കാരണം ഞാൻ കാണുന്പോൾ മുതൽ അമ്മയ്ക്കു കഷ്ടപ്പാടായിരുന്നു. പഴയ ഡ്രസുകള്‍ ആണ് ഞാന്‍ ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്നത്. നടി രചന നാരായണന്‍കുട്ടിയുടെ യൂണിഫോം ടീച്ചർമാർ എനിക്കാണെന്നു പറയാതെ വാങ്ങിത്തന്നിട്ടുണ്ട്. ഞാൻ ഇക്കാര്യം പിന്നീട് പറഞ്ഞപ്പോൾ പുള്ളിക്കാരിക്കു വലിയ സങ്കടം ആയി.
ഓര്‍മയിലെ അച്ഛന്
വീട്ടുകാരുടെ എതിർപ്പ് വകവയ്ക്കാതെയാണ് അച്ഛൻ അമ്മയെ വിവാഹം ചെയ്തത്. അമ്മ എന്നെ ഗര്‍ഭം ധരിച്ച സമയം എന്റെ വീട്ടിലൊന്നു പോയി നോക്ക് എന്നു പറഞ്ഞ് അച്ഛന് അമ്മയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പറഞ്ഞുവിട്ടു. പക്ഷേ, അവർ വീട്ടിൽ കയറ്റിയില്ല. പോലീസ് ഇടപെട്ടിട്ടും അച്ഛന്റെ വീട്ടുകാര്‍ അമ്മയെ വീട്ടില്‍ കയറ്റാനോ ഒന്നും കൊടുക്കാനോ തയാറായില്ല.
അവർക്കു രാഷ്ട്രീയ ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നു. പിന്നീട് അച്ഛനെ അമ്മ കണ്ടിട്ടേയില്ല. മദ്രാസില്‍ ജോലി കിട്ടിയൊന്നൊക്കെ പറഞ്ഞ് അവര്‍ അച്ഛനെ നാടുകടത്തിയെന്നാണ് ഞങ്ങൾ കരുതുന്നത്. തിരുവില്വാമലയില്‍ അച്ഛന് വീണ്ടും വിവാഹം കഴിച്ചതായൊക്കെ അറിഞ്ഞിരുന്നു. അവരൊന്നുമായി ഇപ്പോൾ ബന്ധമില്ല.
സിനിമ, സീരിയല്‍
ഞാന്‍ ആദ്യം ചെയ്ത സിനിമ സിദ്ദിക് സാറിന്റെ ഭാസ്കര്‍ ദി റാസ്കല്‍ ആണ്. പിന്നെ മൈ നെയിം ഈസ് അഴകന്, വെടിക്കെട്ട്, വിവേകാനന്ദന് വൈറലാണ്, പുണ്യാളന് അങ്ങനെ ചില സിനിമകള്‍ ചെയ്തു. സീത, സസ്നേഹം, കനല്‍പ്പൂവ് എന്നീ സീരിയലുകളും ചെയ്തു. അമ്മയെ കൈയൊഴിഞ്ഞിട്ട് ഒന്നും വേണ്ട എന്ന തീരുമാനത്തിലായതിനാൽ കല്യാണത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല.
ന്യൂയോർക്കിലെ വിഷു
സ്വന്തം വീടുണ്ടായശേഷമുള്ള എന്റെ ആദ്യത്തെ വിഷുവായിരുന്നു. 18 വര്‍ഷം ജോലിക്കുനിന്ന വീട്ടിലായിരുന്നു വിഷു ആഘോഷം. അവിടെ വിഷുക്കണി വയ്ക്കലും പടക്കംപൊട്ടിക്കലും എല്ലാമുണ്ട്. അന്നൊക്കെ വിഷു സദ്യ ഒന്നുമില്ലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ വാടക വീട്ടിലായിരുന്നു വിഷു ആഘോഷം.
പക്ഷേ, ഈ വര്‍ഷത്തെ വിഷു എനിക്കു സ്വപ്നംപോലും കാണാന്‍ കഴിയാത്ത, ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ ന്യൂയോര്‍ക്കിലായിരുന്നു. സ്റ്റേജ് പ്രോഗ്രാമിനായി ഇവിടെ എത്തിയതാണ്. അതിന്റെയൊരു വലിയൊരു ത്രില്ലിലാണ് ഞാനിപ്പോള്‍. ഇതുവരെ എത്താന്‍ സഹായിച്ച ദൈവത്തിനും അമ്മയ്ക്കും ഗുരുക്കന്മാര്ക്കും നന്ദി…
പ്രദീപ് ഗോപി