തിരുവില്വാമല: പൈപ്പ് പൊട്ടി പാഴായിപ്പോകുന്ന വെള്ളത്തിൽ കുളിച്ച് യുവാവിന്റെ പ്രതിഷേധം. മലേശമംഗലം സ്വദേശി കൃഷ്ണകുമാറും സുഹൃത്തുക്കളുമാണ് വിഷു ദിനത്തിൽ പൈപ്പ് പൊട്ടി റോഡരുകിലെ ചാലിൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കുളിച്ച് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ പ്രതിഷേധകുളി നടത്തിയത്.
നാളുകളായി മലേശമംഗലം റോഡിൽ പലഭാഗങ്ങളിലായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നിരവധി തവണ പരാതി നൽകിയിട്ടും വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പിഡബ്ള്യുഡി, വാട്ടർ അതോറിറ്റി ശീതസമരവും വെള്ളം പാഴായി പോകുന്നതിന് കാരണമാകുന്നു. പി ഡബ്ള്യുഡി അധികൃതരുടെ അനുമതി ലഭിക്കാൻ കാലതാമസം നേരിടുന്നതും പണികൾ വൈകുന്നതിന് കാരണമാകുന്നുണ്ടത്രെ.
പ്രതിഷേധ സമരത്തിൽ ജാഫർ ,ഉമ്മർ എന്നിവരും പങ്കെടുത്തു . തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗലം നിവാസികൾ നാളുകളായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ് . നിരവധി കുടുംബങ്ങളാണ് വെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്.
കടുത്ത വേനൽ ചൂടിൽ മേഖലയിലെ മിക്ക കിണറുകളും കുളങ്ങളും വറ്റിവരണ്ടു. വെള്ളമില്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുമ്പോഴാണ് അധികൃതരുടെ അനാസ്ഥമൂലം ഇവിടേയ്ക്കുള്ള വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നത് .