കോട്ടയം: മാലപ്പടക്കവും വാദ്യമേളങ്ങളും പൂത്തിരിയും കലാരൂപങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പേപ്പര്‍ വര്‍ണവിസ്മയം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്കും വാഹന പര്യടനത്തിനുമൊപ്പം ഇപ്പോള്‍ പേപ്പര്‍ വര്‍ണ വിസ്മയം ഒഴിച്ചു കൂടാനാവാത്ത ആഘോഷമാണ്.
ഒരാള്‍പൊക്കമുള്ള സിലിണ്ടറില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡിന്റെ ശക്തിയില്‍ ജംബോ മെഷീനിലൂടെ വര്‍ണ പേപ്പറുകള്‍ പുറത്തേക്ക് ചിതറിച്ച് വിസ്മയം തീര്‍ക്കുന്നതാണ് പേപ്പര്‍ വര്‍ണവിസ്മയം. അടുത്തനാളിലാണ് ഈ മെഷീനും പേപ്പര്‍ വര്‍ണ വിസ്മയവും ഹിറ്റായത്. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കും പേപ്പര്‍ വര്ണവിസ്മയമുണ്ട്.
സ്ഥാനാര്‍ഥി പര്യടനത്തില്‍ സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴാണ് വര്‍ണവിസ്മയം നടത്തുന്നത്. അഞ്ചു മുതല്‍ 25 വരെയുള്ള ഷോട്ടുകളാണുള്ളത്. മിനിമം ഷോട്ടിനു 12000 രൂപ നല്‍കണം. പിന്നെയുള്ള ഷോട്ടുകള്ക്കനുസരിച്ചാണ് പണം. കനം കുറഞ്ഞ വര്ണപേപ്പറുകളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഷോട്ടിനു രണ്ടു കിലോ പേപ്പറുകള്‍ വേണം.
ആകാശത്ത് പറന്നു താഴേക്കു പതിക്കുന്ന പേപ്പറുകള്‍ കാര്യമായ മാലിന്യപ്രശ്നവും ഉണ്ടാക്കുന്നില്ല. ഓരോ ആഘോഷത്തിനും ചേര്‍ന്ന വര്‍ണ പേപ്പറുകളാണ് ഉപയോഗിക്കുന്നത്. സ്ഥാനാര്‍ഥി പര്യടനത്തില്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും കൊടികളുടെ കളറിലുള്ള പേപ്പറുകളുടെ വിസ്മയമാണ്. അടുത്ത നാളില്‍ ജില്ലയില്‍ പേപ്പര്‍ വര്‍ണവിസ്മയം നടത്തുന്ന നിരവധി പേരുണ്ട്.