കോട്ടയം: നെല്ലിന്റെ നേട്ടം തൊഴിലാളികള്‍ക്കും ഇടനിലക്കാര്‍ക്കും യന്ത്രം ഉടമകള്‍ക്കും. നെല്ലിന് ചുമട്ടുകൂലി ക്വിന്റലിന് 170 രൂപയാണ്. സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് കൈകാര്യച്ചെലവായി നല്‍കുന്നത് കിലോയ്ക്ക് 12 പൈസ.
ദിവസം 3500 രൂപവരെ ചുമട്ടുകൂലി ലഭിക്കുന്ന തൊഴിലാളികളുണ്ട്. സീസണില്‍ മാസം ഒരു ലക്ഷത്തിലേറെ രൂപ തൊഴിലാളിക്കു ലഭിക്കുമ്പോള്‍ കര്‍ഷകര്‍ക്ക് കടവും നഷ്ടവും. സംഭരണം തുടങ്ങിയതുമുതലുള്ള നിരക്ക് ഇതാണ്. നിലവില്‍ ഒരു കിലോ നെല്ലിന് വില 28.20 രൂപയാണ്.
സപ്ലൈകോ സംഭരിച്ച പുഞ്ച നെല്ലിന് നയാ പൈസ ലഭിക്കാതെ കര്‍ഷകര്‍ നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ വിരിപ്പ് നെല്ലിന്റെവരെ പണം ലഭിക്കാത്ത കര്‍ഷകരും ഏറെയാണ്.
വേനലില്‍ പതിരിന്റെ പേരില്‍ ക്വിന്റലിന് രണ്ടു കിലോയും മഴ പെയ്താല്‍ ഈര്‍പ്പത്തിന്റെ പേരില്‍ അഞ്ചു കിലോവരെയും തള്ളുക പതിവാണ്. നിലവില്‍ 16 മില്ലുകാരാണ് സപ്ലൈകോയില്‍ നിന്ന് നെല്ല് സംഭരിച്ചുകൊണ്ടിരിക്കുന്നത്.
വേനല്‍മഴ ശക്തമാകുന്നതിനു മുന്‍പ് നെല്ല് സംഭരണം പൂര്‍ത്തിയാക്കണമെന്നും ബാങ്ക് അക്കൗണ്ടില്‍ പണം ഉടന്‍ ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.