തൃശൂര്‍: കേരളത്തോട് ബിജെപിക്ക് വിദ്വേഷപരമായ സമീപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തെ തകർക്കുക എന്ന നിലപാടാണ് സഹകരണ മേഖലയോട് ബിജെപി കാണിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിലെ സഹകരണ ബാങ്ക് അഴിമതികൾ എടുത്തു പറഞ്ഞുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിനുള്ള മറുപടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി.
കേരളത്തിലെ സഹകരണ മേഖല ജനങ്ങളുടെ വിശ്വാസമാര്ജിച്ചിട്ടുണ്ട്. ഇതുവരെയുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ നല്ല രീതിയിലാണ് സഹകരണ മേഖലയെ സംരക്ഷിച്ച് പോരുന്നത്. ചില വ്യക്തികള്‍ വഴിതെറ്റിയ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അഴിമതിക്കാരോട് സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കും. കരുവന്നൂരിലും സര്‍ക്കാരിന് ഇതേ നിലപാടാനുള്ളത്.
കരുവന്നൂരിലെ നിക്ഷേപകര്‍ക്ക് 117 കോടിയോളം രൂപ തിരികെ നല്‍കിയിട്ടുണ്ട്. ഇനിയും ആവശ്യപ്പെടുന്നവര്‍ക്ക് നിക്ഷേപം തിരിച്ചു നല്കാന് ബാങ്ക് തയാറാണ്. തങ്ങള്‍ പറഞ്ഞത് കള്ളമല്ല. കള്ളം പറഞ്ഞ് തനിക്ക് ശീലമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ എത്രയോ അഴിമതിയുടെ കഥകളാണ് പുറത്തുവരുന്നത്.
10 വര്‍ഷത്തെ ഭരണത്തിന്റെ പ്രോഗ്രസ് കാര്‍ഡ് വച്ച് വോട്ട് ചോദിക്കാന്‍ ബിജെപിക്ക് ധൈര്യമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. സിപിഎമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചാലും ഇഡി വിചാരിച്ചാലും തൃശൂരിൽ സുരേഷ് ഗോപിക്ക് രക്ഷ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണ ബാങ്ക് വിഷയത്തിൽ മുഖ്യമന്ത്രി കള്ളം പറയുന്നുവെന്നു പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സഹകരണ ബാങ്കിൽ നിക്ഷേപിച്ചവർക്ക് പണം തിരിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കള്ളമാണ്. സിപിഎം ഭരിക്കുന്ന സഹകരണ സംഘങ്ങൾ പാവപ്പെട്ടവരുടെ പണം കൊള്ള അടിക്കുകയാണെന്നും ഒരു ലക്ഷം കോടിയുടെ കൊള്ളയാണ് നടന്നതെന്നും മോദി പറഞ്ഞിരുന്നു.