തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമർശനവുമായി സിപിഎം പിബി അംഗം എം.എ.ബേബി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് ലോക വിഡ്ഢിത്തരമാണെന്നും സീറ്റ് തെരഞ്ഞെടുക്കുന്നതില്‍ രാഹുല്‍ഗാന്ധിക്ക് തുടർച്ചയായി പിഴവ് പറ്റുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചത് ഉപയോഗപ്പെടുത്തി ഉത്തരേന്ത്യയിൽ കോൺഗ്രസിന് ഒരുപാട് ക്ഷതം ഉണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. അത് രാഹുൽ ഗാന്ധിക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ബിജെപിക്കെതിരായ പോരാട്ടത്തില്‍ ഇടത് മുന്നണിയുടെ സഹകരണം വേണമെന്ന് തിരിച്ചറിയാനും രാഹുലിന് കഴിയുന്നില്ലെന്നും എം.എ.ബേബി വിമർശിച്ചു.
ഭരണഘടന സംരക്ഷണത്തെ കുറിച്ച് കോണ്‍ഗ്രസ് പറയുന്നത് സഹതാപാർഹമാണ്. അഞ്ച് വര്‍ഷത്തിനിടയ്ക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നത് ഭരണഘടനതത്വമാണ്. അടിയന്തരാവസ്ഥാ കാലത്ത് അത് ലംഘിച്ചപ്പോള്‍ ഇന്ദിരാ ഗാന്ധിയുടെ കൂടെ നിന്നയാളാണ് ആന്റണി- ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ എം.എ.ബേബി പറഞ്ഞു.
സാമാന്യ മര്യാദയില്ലാതെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ കാര്യമായ ആരോപണം ഉന്നയിക്കാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിയുന്നില്ലെന്നും എം.എ.ബേബി കൂട്ടിച്ചേർത്തു.