ഡികെ ശരിക്കും ഒരു കില്ലാടിയാണ്… അല്ലെങ്കിൽ 287/3 എന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോർ കണ്ട് പേടിക്കേണ്ടതല്ലേ…? അതെ, സണ്‍റൈസേഴ്സ് ഉയർത്തി റണ്‍മല കയറാൻ ഒറ്റയ്ക്ക് മനഃസാന്നിധ്യം കാണിച്ചവനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഡികെ എന്നു വിളിക്കപ്പെടുന്ന ദിനേശ് കാർത്തിക്.
35 പന്തിൽ ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കാർത്തികിന്റെ ഇന്നിംഗ്സ്. ഡികെയുടെ ആ ഇന്നിംഗ്സിലൂടെ ആർസിബിയുടെ തോൽവിഭാരം 25 റണ്‍സ് മാത്രമായി ചുരുങ്ങി എന്നതും ശ്രദ്ധേയം. മാത്രമല്ല, 17-ാം സീസണ് ഐപിഎല്ലിലെ തന്റെ ഇന്നിംഗ്സുകളിലൂടെ 2024 ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അവകാശവാദവും ദിനേഷ് കാർത്തിക് ഉന്നയിച്ചുകഴിഞ്ഞു.
കമന്റേറ്ററിന്റെ 108 മീറ്റർ സിക്സ്!
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ദിനേശ് കാർത്തികിന്റെ ബാറ്റിൽനിന്ന് പാഞ്ഞ ഒരു സിക്സ് ചെന്നു വീണത് 108 മീറ്റർ അകലെ… 2024 സീസണ് ഐപിഎല്ലിലെ ഏറ്റവും വലിയ സിക്സ് ആയിരുന്നു അത്. ഇംഗ്ലീഷ് മുൻ താരം കെവിൻ പീറ്റേഴ്സണ് കാർത്തികിന്റെ ഇന്നിംഗ്സിനെക്കുറിച്ച് പറഞ്ഞത് ഇതാണ്:
“ഒരു കമന്റേറ്റർ ഇത്ര മനോഹരമായി ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല’. ഇംഗ്ലണ്ട് x ഇന്ത്യ ടെസ്റ്റ് പരന്പരയിൽ കാർത്തിക് കമന്റേറ്ററിന്റെ റോളിൽ എത്തിയിരുന്നു.