എം. സുരേഷ്ബാബു
തിരുവനന്തപുരം: വേനൽച്ചൂടിനേക്കാൾ ഉയർന്ന ചൂടാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കാണപ്പെടുന്നത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിലും ഏതുവിധേനയും വിജയം നേടണമെന്ന വീറും വാശിയിലുമാണ് മുന്നണികളും സ്ഥാനാർഥികളും.
വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന എല്ലാ വിഷയങ്ങളും തുറുപ്പ് ചീട്ടുകളും പ്രയോഗിക്കുന്ന ഘട്ടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് നേർക്കുനേരെയുള്ള മത്സരമാണെങ്കിലും തിരുവനന്തപുരത്തും തൃശൂരിലും ത്രികോണമത്സരത്തിന്റെ പ്രതീതിയാണ് കാണുന്നത്.
ബിജെപി ഏറെ പ്രതീക്ഷ പുലർത്തുന്ന തിരുവനന്തപുരം മണ്ഡലത്തിൽ യുഡിഎഫിലെ ശശിതരൂരും എൽഡിഎഫിലെ പന്ന്യൻ രവീന്ദ്രനും ബിജെപിയിലെ രാജീവ് ചന്ദ്രശേഖറുമാണ് മത്സരരംഗത്തുള്ളത്. മൂന്ന് സ്ഥാനാർഥികളും പ്രചാരണ രംഗത്ത് സജീവമാണ്. എന്നാൽ യുഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്നാണ് കോണ്ഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.
തലസ്ഥാനത്തിന്റെ വികസനത്തുടർച്ചയ്ക്ക് തരൂരിന് അവസരം നൽകണമെന്നാണ് കോണ്ഗ്രസ് വോട്ടർമാരോട് ആവശ്യപ്പെടുന്നത്. എന്നാൽ തലസ്ഥാന വികസനം കാര്യമായി നടന്നിട്ടില്ലെന്നും ബിജെപിക്ക് വോട്ട് നൽകിയാൽ മോദിയുടെ ഗ്യാരന്റി നടപ്പാക്കുമെന്നുമാണ് രാജീവ് ചന്ദ്രശേഖർ അവകാശപ്പെടുന്നത്.
മുൻ എംപി എന്ന നിലയിൽ താൻ നടത്തിയ വികസനമല്ലാതെ പുതിയതൊന്നും തലസ്ഥാനത്തില്ലെന്നും വികസന മുരടിപ്പ് മാറ്റാൻ എൽഡിഎഫിന് വോട്ട് നൽകണമെന്നാണ് പന്ന്യൻ രവീന്ദ്രനും എൽഡിഎഫും ആവശ്യപ്പെടുന്നത്.വ്യക്തിഹത്യ ആരോപണം ഉയരുന്ന വടകര മണ്ഡലത്തിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. മോർഫിംഗ് ചിത്രം ഉൾപ്പെടെ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്തുന്നുവെന്നാണ് എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ ആരോപിക്കുന്നത്.
രണ്ടാഴ്ച മുൻപ് എൽഡിഎഫ് സ്ഥാനാർഥി ഇതിനെതിരേ പരാതി നൽകിയിരുന്നു. എന്നാൽ ആഭ്യന്തരവകുപ്പും പോലീസും ഭരിക്കുന്ന എൽഡിഎഫ് സർക്കാർ രണ്ടാഴ്ച മുൻപ് കൊടുത്ത പരാതിയിൽ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.വ്യാജപ്രചാരണമാണ് എൽഡിഎഫ് നടത്തുന്നതെന്നാണു യുഡിഎഫ് സ്ഥാനാർഥി ഷാഫി പറന്പിൽ പറയുന്നത്.
ബോംബ് സ്ഫോടനം ചർച്ചയായി സിപിഎം പ്രതിരോധത്തിലായപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ സിപിഎം വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്നാണ് യുഡിഎഫ് ആക്ഷേപം. ഇടതു പ്രചാരണത്തിനെതിരേ എംഎൽഎമാരായ കെ.കെ. രമയും ഉമാ തോമസും ഇന്ന് വടകരയിൽ വാർത്താസമ്മേളനം നടത്തുന്നുണ്ട്.
തൃശൂരിൽ പ്രചാരണം അവസാന റൗണ്ടിലേക്ക് കടന്നതോടെ കടുത്ത ത്രികോണ മത്സരമാണ് പ്രകടമാകുന്നത്. ആര് വിജയിച്ചാലും നേരിയ ഭൂരിപക്ഷം മാത്രമായിരിക്കും വിജയത്തെ സ്വാധീനിക്കുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്. യുഡിഎഫിലെ കെ. മുരളീധരനും എൽഡിഎഫിലെ വി.എസ്. സുനിൽകുമാറും ബിജെപിയിലെ സുരേഷ് ഗോപിയും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ വന്നു പോയ തൃശൂരിൽ ബിജെപി വിജയം സുനിശ്ചിതമാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. മറിച്ച് തങ്ങൾക്കാണ് വിജയമെന്ന് യുഡിഎഫും അവകാശപ്പെടുന്നു. കെ. മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാൽ ഉൾപ്പെടെയുള്ള ഒരു സംഘം ബിജെപിയിൽ ചേർന്ന് പ്രചാരണരംഗത്തുള്ളതും നിർണായകമാണ്.
കോണ്ഗ്രസ് ദേശീയ നേതാവും സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ കെ.സി. വേണുഗോപാൽ മത്സരിക്കുന്ന ആലപ്പുഴയും ഏവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. സിറ്റിംഗ് എംപിയായ എ.എം. ആരിഫും കെ.സി. വേണുഗോപാലും തമ്മിലാണ് നേരിട്ടുള്ള മത്സരമെങ്കിലും ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനും ശക്തമായി പ്രചാരണ രംഗത്തുണ്ട്. ശോഭാ സുരേന്ദ്രൻ നേടുന്ന വോട്ടുകൾ നിർണായകമാണ്.
ശോഭ പിടിയ്ക്കുന്ന വോട്ടുകൾ ആരുടെ വിജയത്തെ ബാധിക്കുമെന്നതും പ്രധാനമാണ്. അഭിപ്രായ സർവേകൾ ഒരു സ്ഥാനാർഥിക്കും മേൽക്കൈ പ്രവചിക്കാത്ത മണ്ഡലമാണ് കണ്ണൂർ. കെപിസിസി പ്രസിഡന്റ് കെ. സുധാകരനും എൽഡിഎഫ് സ്ഥാനാർഥി എം. വി. ജയരാജനും തമ്മിലാണ് പോരാട്ടം നടക്കുന്നത്. കണ്ണൂർ ഇത്തവണ തിരിച്ച് പിടിക്കണമെന്ന വാശിയിലാണ് എൽഡിഎഫ്. നിലവിലെ സാഹചര്യത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ണൂരിൽ നടക്കുന്നത്.