പാക് അധിനിവേശ കാഷ്മീരിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുന്ന കാര്യം കേന്ദ്രം ആലോചിക്കുന്നുണ്ട്. ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന പാക് പ്രചാരണത്തിന്റെ മുനയൊടിക്കാനാണിത്. എന്നാല്‍, തിരക്കിട്ടു വീഡിയോ പുറത്തുവിടുന്നതു ഗുണം ചെയ്യില്ലെന്ന വാദവുമുണ്ട്. ആക്രമണം നടത്തിയ ഇന്ത്യന്‍ കമാന്‍ഡോകളുടെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച കാമറകളിലാണ് ആക്രമണത്തിന്റെ വീഡിയോ പകര്‍ത്തിയത്.
ബാരാമുള്ളയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഭീകരാക്രമണത്തിന്റെയും അതിര്‍ത്തിയില്‍ പാക് സൈന്യം വീണ്ടും നടത്തിയ വെടിവയ്പിന്റെയും പശ്ചാത്തലത്തില്‍ രാജ്നാഥ് ഇന്നലെ രാവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തി. ഏതു സാഹചര്യവും നേരിടാന്‍ ഇന്ത്യ സജ്ജമാണെന്നു ഡോവല്‍ അറിയിച്ചു. ബിഎസ്എഫ് ഡയറക്ടര്‍ ജനറലുമായും ചര്‍ച്ച നടത്തിയ ശേഷമാണു രണ്ടു ദിവസത്തെ ലേ, ലഡാക്, കാര്‍ഗില്‍ സന്ദര്‍ശനത്തിനായി ആഭ്യന്തരമന്ത്രി ഇന്നലെ ജമ്മു കാഷ്മീരിലേക്കു തിരിച്ചത്.