തിരുവനന്തപുരം: രാഷ്ട്രീയത്തിൽ വ്യക്തിഹത്യ ഏറ്റവും കൂടുതൽ ഉപയോഗിച്ചുട്ടള്ളത് ഇടതുപക്ഷമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭയിൽ ഉമ്മൻചാണ്ടിയെ കുറിച്ച് പറഞ്ഞത് ഇതിന് ഉദാഹരണമായി തിരുവഞ്ചൂർ ചൂണ്ടിക്കാണിച്ചു.
വ്യക്തിഹത്യ ആര് ചെയ്താലും തങ്ങൾ അംഗീകരിക്കില്ല. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആരെങ്കിലും വ്യക്തിഹത്യ നടത്തിയിട്ടുണ്ടെങ്കിൽ പോലീസ് നടപടി എടുക്കട്ടെ. സത്യം എന്ന് തെളിഞ്ഞാൽ പാർട്ടി നടപടി എടുക്കും- തിരുവഞ്ചൂർ പറഞ്ഞു.
ഇടതുപക്ഷം രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത് മോദിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. ഇവരുടെ കൂറ് അവിടെ ആണ്. പിണറായി സർക്കാരിൽ ബിജെപി സഖ്യം ഉള്ള മന്ത്രിമാർ ഉണ്ടായിട്ടും എന്തെങ്കിലും നടപടി എടുത്തോയെന്നും തിരുവഞ്ചൂർ ചോദിച്ചു.
പിണറായി വിജയൻ ഏത് ചേരിയിൽ ആണ് എന്നതിന് ജനങ്ങൾക്ക് വ്യക്തത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി ജനങ്ങളുടെ നേതാവാണെന്നും ജനങ്ങളുടെ ഹൃദയത്തിലാണ് രാഹുൽ ജീവിക്കുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.