രണ്ടുവർഷത്തിനിടെ രണ്ടാമതും കേരള ലോട്ടറിയുടെ ഒന്നാംസമ്മാനം നേടി ഇരട്ടഭാഗ്യശാലിയായി വാഴൂർ ചെങ്കൽ മുത്തിയാപാറയിൽ തോമസ് ജോസഫ്. ബുധനാഴ്ചത്തെ ഫിഫ്റ്റി ഫിഫ്റ്റി 92-നറുക്കെടുപ്പിൽ എഫ്.ഡബ്ല്യൂ.239020 നമ്പർ ടിക്കറ്റിലൂടെയാണ് ഒരു കോടി രൂപയുടെ സമ്മാനം നേടിയത്.
2022 ഓഗസ്റ്റിൽ കാരുണ്യ ലോട്ടറി നറുക്കെടുപ്പിൽ 80 ലക്ഷം രൂപയുടെ ഒന്നാംസമ്മാനം തോമസിന് ലഭിച്ചി രുന്നു. പൊൻകുന്നം മാർസ് ലോട്ടറി ഏജൻസിയിൽനിന്നാണ് രണ്ടു ടിക്കറ്റും എടുത്തത്.
രണ്ടുവട്ടവും ഭാഗ്യമെത്തിച്ചത് കണ്ണൂർ ജില്ലയിലെ ടിക്കറ്റിലൂടെയാണ്. കണ്ണൂരിലെ സഹോദരസ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന് വിറ്റതാണു ടിക്കറ്റുകൾ.
ഇത്തവണ ഫോൺ ചെയ്ത് പറഞ്ഞ് കടയിൽ എടുത്തുവച്ച ടിക്കറ്റിനാണ് സമ്മാനം. ഫലം വന്നതിനുശേഷം കടയിലെത്തി തോമസ് ജോസഫ് സമ്മാനാർഹമായ ടിക്കറ്റ് കൈപ്പറ്റി. മുൻപ് ഗൾഫിൽ ജോലിയായിരുന്ന തോമസ് ഇപ്പോൾ നാട്ടിൽ കൃഷിയുമായി കഴിയുകയാണ്. ടിക്കറ്റ് വ്യാഴാഴ്ച ബാങ്കിൽ ഏൽപ്പിക്കുമെന്ന് തോമസ് പറഞ്ഞു.