തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.
നിയമസഭാ പ്രസംഗത്തിലായിരുന്നു സതീശനെതിരായി പി.വി.അന്‍വർ ആരോപണം ഉന്നയിച്ചത്. നിയമസഭാ പ്രസംഗത്തിന് സഭയുടെ പ്രിവിലേജ് ഉള്ളതിനാൽ കേസെടുക്കാൻ ബുദ്ധിമുട്ടാണെന്ന് നിയമോപദേശം ലഭിച്ചതായി നേരത്തെ വിജിലൻസ് കോടതിയെ അറിയിച്ചിരുന്നു.
അനേ്വഷണം ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ഹാഫിസ് നൽകിയ ഹർജിയാണ് കോടതി തള്ളിയത്. കേസെടുക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കുന്ന നിയമസഭാ സെക്രട്ടേറിയറ്റിന്റെ കത്ത് ഹർജിക്കാരൻ കോടതിക്ക് കൈമാറിയിരുന്നു.
ഈ കത്ത് പരിഗണിച്ച് അന്വേഷണം ആരംഭിക്കണമെന്നും വാദിച്ചു. സർക്കാരിന്റെ സ്വപ്നപദ്ധതിയായ കെ റെയിൽ അട്ടിമറിക്കാൻ വൻ സാമ്പത്തിക ഗൂഢാലോചന നടന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ഇതിന് ചുക്കാൻ പിടിച്ചതെന്നും ആയിരുന്നു പി.വി.അൻവറിന്റെ ആരോപണം.