കരള്‍ രോഗങ്ങള്‍ നേരത്തേ കണ്ടെത്തി ചികിത്സ തേടണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകളിൽ വരെ വിവിധ തരം കരള്‍രോഗങ്ങള്‍ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനുമുള്ള സംവിധാനങ്ങളുണ്ട്.
മദ്യപിക്കാത്ത ആള്‍ക്കാരില്‍ ഉണ്ടാകുന്ന കരള്‍രോഗമായ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് കൂടി വരുന്നതിനാല്‍ അത് കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ആരോഗ്യ വകുപ്പ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തും തിരൂരുമുള്ള ജില്ലാതല ആശുപത്രികളില്‍ എന്‍എഎഫ്എല്‍ഡി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള അനുമതി നല്‍കിയിരുന്നു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എന്എഎഫ്എല് രോഗം കണ്ടെത്തുന്നതിനുള്ള ഫൈബ്രോ സ്കാന്‍ മെഷീന് വാങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
പൊതുജനങ്ങളില്‍ കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19ന് ലോക കരള്‍ ദിനം ആചരിക്കുന്നത്. ‘ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്ദിന സന്ദേശം. രക്തപരിശോധനകള്‍, ലിവര്‍ ഫംഗ്ഷന് ടെസ്റ്റ്, അള്‍ട്രാസൗണ്ട് സ്കാന്‍, സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍, ഫൈബ്രോ സ്കാന്‍, എന്‍ഡോസ്കോപ്പി, ബയോപ്സി മുതലായ പരിശോധനകളിലൂടെ കരള്‍ രോഗങ്ങള്‍ കണ്ടെത്താം.
മദ്യപാനം ഒഴിവാക്കുക, ആരോഗ്യകരമായ ഭക്ഷണം ശീലിക്കുക, ഭക്ഷണത്തില്‍ എണ്ണയും കൊഴുപ്പും കുറയ്ക്കുക, പഴങ്ങള്‍, പച്ചക്കറികള്‍ കൂടുതല്‍ കഴിക്കുക, അമിത ഭാരം കുറയ്ക്കുക, വ്യായാമം ശീലമാക്കുക, പ്രമേഹം, കൊളസ്ട്രോള്‍ തുടങ്ങിയവ നിയന്ത്രണവിധേയമാക്കുക, തിളപ്പിച്ചാറ്റിയ വെള്ളവും വൃത്തിയുള്ള ഭക്ഷണവും ശീലമാക്കുക, ആഹാരത്തിനു മുമ്പും മലമൂത്ര വിസര്‍ജന ശേഷവും ശുചിത്വം പാലിക്കുക, മറ്റുള്ളവര്‍ ഉപയോഗിച്ച ബ്ലേഡ്, സിറിഞ്ച് എന്നിവ ഉപയോഗിക്കാതിരിക്കുക എന്നിവയിലൂടെ കരള്‍ രോഗങ്ങള്‍ പ്രതിരോധിക്കാനാകും.