തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്. എല്ലാ സാമൂഹ്യമാധ്യമങ്ങളും 24 മണിക്കൂറും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം അടക്കമുള്ള കുറ്റങ്ങള്‍ ചെയ്തവര്‍ക്കെതിരെ സംസ്ഥാനത്ത് ഇതുവരെ 42 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേരള പൊലീസ് വ്യക്തമാക്കി.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിദ്വേഷം ഉളവാക്കുന്ന തരത്തിലും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍ എന്നിവയാണ് കേസെടുക്കാന്‍ കാരണമായ മറ്റു കുറ്റങ്ങള്‍.
സമൂഹത്തില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്തുന്ന തരത്തിലുള്ള ഇത്തരം സന്ദേശങ്ങള്‍ നിർമിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെയും അവ പങ്കുവയ്ക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.