ജനാധിപത്യപ്രക്രിയയിൽ പങ്കെടുത്ത് സമ്മതിദാനാവകാശം വിനിയോഗിച്ചതിന്റെ അഭിമാന ചിഹ്നം കൈവിരലിൽ പതിക്കാൻ സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി.
സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരഞ്ഞെടുപ്പിന് ആറ് നാൾ മാത്രം അവശേഷിക്കേ സമ്മതിദാനത്തിന്റെ അടയാളമായി പുരട്ടാനുള്ള മായാമഷി (ഇൻഡെലിബിൾ ഇങ്ക്) സംസ്ഥാനത്തെ മുഴുവൻ വിതരണ കേന്ദ്രങ്ങളിലും എത്തി.
63,100 കുപ്പി(വയൽ) മഷിയാണ് ലോക്സഭാ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഉപയോഗിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.
സംസ്ഥാനത്തെ 25,231 ബൂത്തുകളിലേക്ക് ആവശ്യമുള്ളതിന്റെ രണ്ടര ഇരട്ടി മഷിക്കുപ്പികളാണ് എത്തിച്ചിട്ടുള്ളത്. ഒരു കോടി 30 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തേക്കാവശ്യമായ മഷി തെരഞ്ഞെടുപ്പ് കമ്മീഷൻ കർണാടക സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മൈസൂരു പെയ്ന്റ് ആൻഡ് വാർണിഷ് കമ്പനിയിൽ(എംവിപിഎൽ) നിന്ന് എത്തിച്ചത്.