ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ കൗമാരതാരങ്ങളുടെ ത്രില്ലർ പോരാട്ടം. 14 റൗണ്ടുള്ള പോരാട്ടത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ 7.5 പോയിന്റുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഡി. ഗുകേഷ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 12-ാം റൗണ്ടിൽ അസർബൈജാന്റെ നിജത് അബാസോവിനെ കീഴടക്കിയതോടെയാണ് ഗുകേഷിന് 7.5 പോയിന്റായത്.
11-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, 12-ാം റൗണ്ടിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ ആർ. പ്രജ്ഞാനന്ദയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ നിപോംനിഷിക്കും 7.5 പോയിന്റ്.
അമേരിക്കയുടെ ഫാബിയാനൊ കരുവാന 12-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി. കരുവാനയുടെ പോയിന്റ് സന്പാദ്യം ഇതോടെ ഏഴ് ആയി. അമേരിക്കയുടെ ഹികാരു നാകാമുറ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെ കീഴടക്കി 7.5 പോയിന്റിൽ എത്തി.
ക്ലൈമാക്സ് പൊളിക്കും
രണ്ട് റൗണ്ട് ശേഷിക്കേ ഗുകേഷ്, നാകാമുറ, നിപോംനിഷി എന്നിവർക്ക് 7.5 പോയിന്റ് വീതവും കരുവാനയ്ക്ക് ഏഴും പ്രജ്ഞാനന്ദയ്ക്ക് ആറും പോയിന്റാണ്.
ഒന്നാം സ്ഥാനത്തിനായുള്ള പോരാട്ടം പ്രധാനമായും ഗുകേഷ്, നാകാമുറ, നിപോംനിഷി എന്നിവർ തമ്മിലാണ്. ടൈബ്രേക്കിനുള്ള സോണ്ബോണ് ബെർഗർ സ്കോർ അനുസരിച്ച് ഗുകേഷ് ഒന്നാമതും നാകാമുറ രണ്ടാമതുമാണ്.
13-ാം റൗണ്ടിൽ നിപോംനിഷിയുടെ എതിരാളി നാകാമുറയാണ്. പ്രജ്ഞാനന്ദ കരുവാനയെയും ഗുകേഷ് ഫിറോസ്ജയെയും നേരിടും. 14-ാം റൗണ്ടിൽ ഗുകേഷിന്റെ എതിരാളി നാകാമുറയാണ്. നിപോംനിഷി നേരിടേണ്ടത് കരുവാനയെയും. പ്രജ്ഞാനന്ദയും അബാസോവും തമ്മിലാണ് 14-ാം റൗണ്ട്. 12-ാം റൗണ്ടിനുശേഷം ഒരുദിവസം വിശ്രമമുണ്ട്.
വനിതാ വിഭാഗത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ എട്ട് പോയിന്റുമായി ചൈനയുടെ ടാൻ സോങ് യിയാണ് ഒന്നാമത്. ഇന്ത്യയുടെ കൊനേരു ഹംപി ആറ് പോയിന്റുമായി നാലാമതുണ്ട്. തുടർച്ചയായ മൂന്ന് ജയം നേടിയ ഇന്ത്യയുടെ ആർ. വൈശാലി 5.5 പോയിന്റോടെ ആറാമതാണ്.