കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബിജെപിയെയും ഇടതുപക്ഷത്തെയും ഒരുപോലെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കാന്‍ ശ്രമിച്ചത് തികച്ചും ബാലിശമായ നടപടിയാണെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എയും പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും മനുഷ്യത്വരഹിതമായി വിമര്‍ശിച്ച ദിവസം തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തലോടി ജോസ് കെ. മാണി രംഗത്തുവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയാറാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്- എം ഏത് മുന്നണിയിലാണെന്ന് വ്യക്തമാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.
കോട്ടയത്ത് പരാജയം തിരിച്ചറിയുന്ന എല്‍ഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി നടത്തുന്ന ഇത്തരത്തിലുള്ള കള്ളപ്രചാരണം സമ്മതിദായകര്‍ക്കിടയില്‍ വിലപ്പോകില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.