ലേഡി തെണ്ടുല്‍ക്കര്‍! വനിതാ ക്രിക്കറ്റിലെ സച്ചിന്‍ എന്ന വിളിപ്പേരുള്ള മിതാലിരാജിന്റെ ആപൂര്‍വജീവിതത്തിലൂടെ

Mithali1ഒന്നര ദശാബ്ദം മുമ്പു വരെ ക്രിക്കറ്റ് എന്നു പറഞ്ഞാല്‍ പുരുഷന്മാരുടെ കളി എന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതില്‍ ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെയുള്ള മഹാരഥന്മാര്‍ നിര്‍ണായക പങ്കു വഹിച്ചുണ്ട്. എന്നാല്‍ കഴിഞ്ഞ ഒന്നര ദശാബ്ദത്തിനുള്ളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് മാറി. തവി പിടിക്കാന്‍ മാത്രമല്ല ക്രിക്കറ്റ് ബാറ്റ് പിടിക്കാനുമുള്ള ശക്തി തങ്ങളുടെ കൈകള്‍ക്കുെന്ന് ഇക്കാലയളവില്‍ ഇന്ത്യന്‍ വനിതകള്‍ ലോകത്തിനു തെളിയിച്ചു കൊടുത്തു.

മിതാലി രാജ് എന്ന പേര് ഇന്നും സാധാരണക്കാര്‍ക്കിടയില്‍ സുപരിചതമല്ലായിരിക്കാം. എന്നാല്‍ ഒരു ശരാശരി ക്രിക്കറ്റ് പ്രേമിയ്ക്ക് അറിയാം ആരാണ് മിതാലി രാജ് എന്നും അവര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിലുള്ള സ്ഥാനം എന്താണെന്നും. 1999ല്‍ തന്റെ തന്റെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ചുറി നേടുമ്പോള്‍ മിതാലിയുടെ പ്രായം വെറും 17 മാത്രം. അയര്‍ലന്‍ഡിനെതിരെ മില്‍ട്ടന്‍ കെയ്‌നസില്‍ നടന്ന ഏകദിനത്തില്‍ മിതാലി അന്നു നേടിയത് 114 റണ്‍സാണ്. ഐറിഷ് വനിതകള്‍ കിണഞ്ഞു ശ്രമിച്ചിട്ടും മിതാലിയെ പുറത്താക്കാന്‍ കഴിഞ്ഞതുമില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ പെണ്‍സിംഹത്തിന്റെ വീരഗാഥ അവിടെ തുടങ്ങുകയായിരുന്നു.
Mithali2
1982 ഡിസംബര്‍ മൂന്നിന് രാജസ്ഥാനിലെ ജോധ്പൂരില്‍ ഒരു തമിഴ് കുടുംബത്തിലായിരുന്നു മിതാലിയുടെ ജനനം. അച്ഛന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ ദുരൈ രാജ് അമ്മ ലീല. പത്താം വയസില്‍ തന്നെ കൊച്ചു മിതാലി ക്രിക്കറ്റ് ബാറ്റ് കൈയ്യിലെടുത്തു. 17-ാം വയസില്‍ ദേശീയ ടീമിലേക്കുള്ള വിളിവന്നു. ആ സമയത്ത് മിതാലി ഹൈദരാബാദിലെ സെന്റ് ജോണ്‍സ് സ്കൂളില്‍ പഠിക്കുകയായിരുന്നു. സെക്കന്തരാബാദിലെ കെയ്‌സ് ഗേള്‍സ് ഹൈസ്കൂളിലായിരുന്നു ക്രിക്കറ്റ് പരിശീലനം. പുരുഷതാരങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്തിരുന്ന മിതാലി ഒരു കാഴ്ചയായിരുന്നു. ക്രിക്കറ്റ് ആവേശം മൂത്തതോടെ എട്ടുവര്‍ഷം പരിശീലിച്ച ക്ലാസിക്കല്‍ നൃത്തത്തോട് ഗുഡ്‌ബൈ പറയുകയും ചെയ്തു.

അതിഗംഭീരമായി ഏകദിനത്തില്‍ അരങ്ങേറിയ മിതാലിയുടെ ടെസ്റ്റ് അരങ്ങേറ്റം 2001-02 സീസണില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ലക്ക്‌നൗവിലായിരുന്നു.  2002 ഓഗസ്റ്റ് 17ന് തന്റെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ മിതാലി ചരിത്രം തിരുത്തിക്കുറിച്ചു. വെറും പത്തൊമ്പത് വയസുമാത്രം പ്രായമുള്ള മിതാലി ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയ്ര്‍ന്ന വ്യക്തിഗതസ്‌കോര്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തു. അന്ന് 214 റണ്‍സ് നേടിയ ഇന്ത്യയുടെ രാജകുമാരി മറികടന്നത് ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ കാരള്‍ റോള്‍ട്ടന്റെ(209) പേരിലുള്ള റിക്കാര്‍ഡാണ്. പിന്നീട് പാകിസ്ഥാന്‍ താരം കിരണ്‍ ബലൂച്ച് വെസ്റ്റ് ഇന്‍ഡീസിനെതിരേ അതു മറികടക്കുകയായിരുന്നു.
Mithali3
2002ലെ വനിതാ ക്രിക്കറ്റ് ലോകകപ്പിനിടയില്‍ മിതാലിയ്ക്ക് ടൈഫോയിഡ് ബാധിച്ചത് ടീം ഇന്ത്യയുടെ പ്രകടനത്തെയാകെ ബാധിച്ചു. എന്നാല്‍ 2005ല്‍ ആ കണക്കു തീര്‍ത്ത് ഇന്ത്യയെ ആദ്യമായി ഫൈനലിലെത്തിക്കാനും മിതാലിക്കായി. ഫൈനലില്‍ അതിശക്തരായ ഓസ്‌ട്രേലിയയോടു പരാജയപ്പെട്ടെങ്കിലും വനിതാ ക്രിക്കറ്റ് ടീമിന് രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞു. 2006ല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടി വീണ്ടും ചരിത്രംകുറിച്ചു. പിന്നാലെ ഒരു വര്‍ഷത്തിനിടെ രണ്ടാം എഷ്യാക്കപ്പ്് അതും ഒരു മത്സരം പോലും തോല്‍ക്കാതെ.

2013ല്‍ ഏകദിനറാങ്കിങില്‍ ലോക ഒന്നാം നമ്പര്‍ താരമായത് മിതാലിയുടെ തൊപ്പിയില്‍ അടുത്ത പൊന്‍തൂവലായി. 164 ഏകദിനങ്ങള്‍ കളിച്ച മിതാലി  അഞ്ച് സെഞ്ചുറിയും 40 അര്‍ധ സെഞ്ചുറിയുമടക്കം 5301 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ 5000 റണ്‍സ് മറികടന്ന രണ്ടു വനിതകളിലൊരാളും മിതാലിയാണ്. 10 ടെസ്റ്റുകളിലായി ഒരു ഇരട്ട സെഞ്ചുറിയും നാല് അര്‍ധസെഞ്ചുറിയും സഹിതം 663 റണ്‍സ്. ട്വന്റി20യില്‍ 59 മത്സരം കളിച്ച മിതാലി എട്ടു അര്‍ധ സെഞ്ചുറി അടക്കം 1488 റണ്‍സ് നേടി.
ഈ മികവിനുള്ള അംഗീകാരമായി രാജ്യം 2003ല്‍ അര്‍ജുന അവാര്‍ഡ് നല്‍കി മിതാലിയെ ആദരിച്ചു. 2015ല്‍ രാജ്യത്തെ നാലാമത്തെ വലിയ ബഹുമതിയായ പദ്മശ്രീയും മിതാലിയെ തേടിയെത്തി. പുതിയ തലമുറയിലെ വനിതാതാരങ്ങള്‍ക്ക് റോള്‍മോഡലാണ് മിതാലി. ശരിക്കും ലേഡി തെണ്ടുല്‍ക്കര്‍…

Related posts