ചിങ്ങോലിയിൽ നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി. ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ശല്യമായ പരുന്തിനെയാണ് ഫോറസ്റ്റ് ട്രെയിനറെത്തി പിടികൂടിയത്.
മാസങ്ങളായി പ്രദേശത്തെ വീട്ടമ്മമാർക്കും അങ്കണവാടിയിലും സ്കൂളിൽ പോകുന്ന കുട്ടികൾക്കുമുൾപ്പെടെ ഭീഷണിയായിരുന്നു ഇത്. പലർക്കും പരുന്തിന്റെ അക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിലേക്ക് ഇറങ്ങുന്നവരെയും നടന്നു പോകുന്നവരെയുമൊക്കെ പറന്നുവന്ന് ആക്രമിക്കുമായിരുന്നു.
ഹെൽമെറ്റ് ധരിച്ചും കുടയും വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. കണ്ണടപോലും പരുന്ത് എടുത്തുകൊണ്ടുപോയി.
പഞ്ചായത്തംഗം പ്രമീഷ് പ്രഭാകരൻ അറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് ട്രെയിനർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറി.