ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല. സര്‍ക്കാർ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.
ആറ് ജില്ലകളിലായി നാലു ലക്ഷത്തിലധികം വോട്ടർമാരാണുള്ളത്. ഉച്ചയ്ക്ക് ഒന്നുവരെ ആറ് ജില്ലകളിലും പോളിംഗ് രേഖപ്പെടുത്തിയില്ല. ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ 2010 മുതൽ പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെടുന്നുണ്ട്. മോൺ, തുൻസാംഗ്, ലോംഗ്ലെംഗ്, കിഫിർ, ഷാമതോർ, നോക്ലാക് എന്നീ ആറ് ജില്ലകൾ ഉൾപ്പെടുന്ന പ്രദേശം എല്ലാ മേഖലകളിലും അവഗണിക്കപ്പെട്ടിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വികസനത്തിനു പ്രത്യേക സംസ്ഥാനം വേണമെന്നും അവർ ആവശ്യപ്പെടുന്നു.
നാഗാലാൻഡിലെ ഏഴ് ആദിവാസി സംഘടനകൾ ഉൾപ്പെടുന്നതാണ് ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ. ഒരു ലോക്സഭാ സീറ്റാണ് നാഗാലാൻഡിലുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്ഗനൈസേഷന് നോട്ടീസ് അയച്ചു.
വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പറയുന്നത്. അതേസമയം, ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നു സംഘടന അറിയിച്ചു.