കോട്ടയം: രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഏതു സ്ഥാനാര്‍ഥിക്കുവേണ്ടി ? രാഹുലിന്റെ കോട്ടയം സന്ദര്ശനത്തുടര്ന്നു വാദപ്രതിവാദങ്ങളുമായി എല്‍ഡിഎഫും യുഡിഎഫും. വ്യാഴാഴ്ച വൈകുന്നേരം തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തിലെ പ്രസംഗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പേരു പരാമര്‍ശിക്കാതിരുന്നതാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നിരന്തരമായ രാഷ്ട്രീയ മാറ്റം, നിലപാടില്ലായ്മ എന്നീ കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധിയ്ക്കു ബോധ്യമുള്ളതിനാല്‍ ഇക്കാര്യങ്ങള്‍ പറയാതിരുന്നതെന്നാണ് എല്‍ഡിഎഫ് വാദം.
കോട്ടയത്ത് രാഹുല്‍ ഗാന്ധി വോട്ടു ചോദിച്ചത് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥിക്ക് വേണ്ടിയെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ അഭിവാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ്-എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന് എംപിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കി.
ഇക്കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് അറിയാം. അതുകൊണ്ടാണു രാഹുല്‍ ഗാന്ധി ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥിയുടെ പേരിലല്ല, പ്രവൃത്തിയിലും വിശ്വാസ്യതയിലുമാണ് കാര്യമെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയാമെന്നും ജോസ് കെ. മാണി പറഞ്ഞു.
എന്നാല്‍, ജോസ് കെ. മാണിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പ്രതിരോധവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. രാഹുല്‍ ഗാന്ധി കോട്ടയത്ത് എത്തിയത് ഇടതു സ്ഥാനാര്‍ഥിക്ക് വോട്ട് അഭ്യര്ഥിക്കാനാണെന്ന ജോസ് കെ. മാണിയുടെ പരാമര്‍ശം ഇടതുമുന്നണിയിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്തുവന്നിതിനു തെളിവാണെന്നു യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.