ബംഗളൂരു: സംവിധായകന് ജോഷിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതി പിടിയില്‍. കര്‍ണാടകയിലെ ഉടുപ്പിയില്നിന്നാണ് മുംബൈ സ്വദേശിയായ പ്രതി പിടിയിലായത്. കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.
ശനിയാഴ്ച പുലര്‍ച്ചെയാണ് ജോഷിയുടെ കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. മഹാരാഷ്ട്ര രജിസ്ട്രേഷന് ഉള്ള വാഹനത്തിലാണ് പ്രതി ഇവിടെനിന്ന് കടന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഈ കാറിന്റെ വിശദാംശങ്ങള്‍ കര്‍ണാടക പോലീസിന് കൈമാറിയതോടെയാണ് ഇയാള്‍ ഉടുപ്പിയില്വച്ച് പിടിയിലായത്.
ജോഷിയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ അടക്കം പ്രതിയുടെ വാഹനത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുംബൈയില്‍നിന്ന് ഒറ്റയ്ക്ക് വാഹഗനമോടിച്ചാണ് പ്രതി ഇവിടെയെത്തിയത്. ഇയാള്‍ക്ക് പ്രാദേശികമായ എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കും.
ശനിയാഴ്ച പുലർച്ചെ 1.30 ഓടെയാണ് ജോഷിയുടെ വീട്ടിൽ മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലായാണ് മോഷ്ടാവ് കയറിയത്.
റൂമിന്റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസും, ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്റെ പത്ത് കമ്മലുകളും, പത്തു മോതിരങ്ങളും, പത്ത് സ്വർണ മാലകളും പത്ത് വളകളും, രണ്ട് വങ്കികളും, വില കൂടിയ പത്ത് വാച്ചുകളുമുൾപ്പെടെയാണ് മോഷണം പോയത്.
ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ , മൂന്ന് കുട്ടികൾ,വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി എന്നിവരായിരുന്നു മോഷണം നടക്കുന്ന സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. പുലർച്ചെ 5.30ന് ഭാര്യ സിന്ധു അടുക്കളയിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ഉടൻതന്നെ ഇവർ വീട്ടിലുള്ള മറ്റുള്ളവരെ വിളിച്ചുണർത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.