തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് കേരളത്തിലുടനീളം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രവചിച്ചിട്ടുള്ളത്.
പാലക്കാട്, കാസർകോഡ് എന്നീ ജില്ലകളൊഴികെ നാളെ മഴയെത്തും. 23മുതൽ 25വരെ പാലക്കാട്, കാസർകോഡ്, തൃശൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളൊഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു ഏപ്രിൽ 21 മുതൽ 25 വരെ കൊല്ലം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും, പാലക്കാട്, കോഴിക്കോട് ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ, കോട്ടയം, മലപ്പുറം ജില്ലയിൽ ഉയർന്ന താപനില 36°C വരെയും, (സാധാരണയെക്കാൾ 2 – 3 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.