തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 137 ജീവനക്കാർക്കെതിരേ നടപടി. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ പിടികൂടാൻ നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിലാണ് ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം സൂക്ഷിച്ചതിനുമായി ജീവനക്കാർ പിടിയിലായത്.
സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ അടക്കം 137 ജീവനക്കാരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇതിൽ 97 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും സ്വിഫ്റ്റിലെ താത്കാലിക ജീവനക്കാരും കെഎസ്ആർടിസിയിലെ ബദൽ ജീവനക്കാരും അടക്കം 40 താത്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
ഡ്യൂട്ടിക്കെത്തുന്ന വനിതകൾ ഒഴികെയുള്ള മുഴുവൻ ജീവനക്കാരെയും മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരമാണ് വ്യാപക പരിശോധന നടക്കുന്നത്. കഴിഞ്ഞയാഴ്ച ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയ 100 ജീവനക്കാർക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.