തൃശൂർ: കടുത്ത പോലീസ് നിയന്ത്രണങ്ങളാണു തൃശൂർ പൂരം പ്രതിസന്ധിയിലാക്കിയതെന്ന വിമർശനങ്ങൾക്കിടെ ആനകൾക്കുള്ള പനന്പട്ടയും കുടമാറ്റത്തിനുള്ള കുടകളും എത്തിക്കുന്നതു തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു തടഞ്ഞത്. “എടുത്തുകൊണ്ടു പോടാ പട്ട” എന്നു കമ്മീഷണർ ആക്രോശിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതിനു തൊട്ടുപിന്നാലെ കുടമാറ്റത്തിനായി എത്തിച്ച, ശ്രീരാമന്റെ രൂപമുള്ള കുടകളും തടഞ്ഞു. മതിൽക്കെട്ടിനുള്ളിൽ ഇടയില്ലെന്നു പറഞ്ഞാണ് ഇവ തടഞ്ഞത്. ഏറെ നേരത്തെ തർക്കത്തിനൊടുവിൽ തൊട്ടടുത്തു നിന്ന ഉദ്യോഗസ്ഥൻ കാര്യങ്ങൾ വ്യക്തമാക്കിയതോടെയാണു കമ്മീഷണർ വഴങ്ങിയത്. ഒരു പട്ടയും കുടയും കൊണ്ട് നിരവധിപേർ അകത്തുകടക്കാൻ ശ്രമിച്ചപ്പോഴാണു തടഞ്ഞതെന്നാണു കമ്മീഷണറുടെ വിശദീകരണം.
പോലീസിന്റെ കടുത്ത നിയന്ത്രണങ്ങളെത്തുടർന്നു തിരുവന്പാടി വിഭാഗം കുടമാറ്റത്തിനുശേഷമുള്ള രാത്രിപൂരം നിർത്തിവച്ചിരുന്നു. തുടർന്നു പന്തലുകളിലെ ലൈറ്റുകളും ഓഫ് ചെയ്തു. വെടിക്കെട്ടും നടത്തില്ലെന്നു വ്യക്തമാക്കിയതോടെ മന്ത്രിതലത്തിൽ ദേവസ്വവുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ഏറെ വൈകി വെടിക്കെട്ടു നടത്തിയത്. മറ്റു ജില്ലകളിൽനിന്ന് എത്തിയ നിരവധി പേർക്കു നിരാശരായി മടങ്ങേണ്ടിവന്നു. പലരും മടക്കത്തിനു ട്രെയിനുകളിൽ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു.
ആനകളിൽനിന്ന് ആറു മീറ്റർ അകലം പാലിക്കണമെന്ന കോടതി ഉത്തരവിന്റെ മറപിടിച്ചു കടുത്ത നിയന്ത്രണങ്ങളാണു പൂരദിനത്തിൽ പോലീസ് ഏർപ്പെടുത്തിയത്. സ്വരാജ് റൗണ്ടിലേക്കുള്ള ഇടവഴികളും പോലീസ് ബാരിക്കേഡുകൾ വച്ച് അടച്ചു. ഇതു പൂരം പ്രദർശനം കാണാനെത്തിയവർക്കു ബുദ്ധിമുട്ടായി.
പ്രദർശനകമ്മിറ്റിക്ക് 35 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണു റിപ്പോർട്ട്. അനുമതിയുണ്ടായിട്ടും സ്റ്റാളുകളും ടിക്കറ്റ് കൗണ്ടറുകളും നേരത്തേ പൂട്ടിച്ചു. സാന്പിൾ വെടിക്കെട്ടു നടന്ന ദിവസവും ഒരുസംഘം പോലീസുകാർ രാത്രി പത്തിനെത്തി സ്റ്റാളുകൾ പൂട്ടിച്ചു. 11 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്നു ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും പോലീസുകാർ വഴങ്ങിയില്ല. പൂരദിനത്തിൽ രാത്രി 12 വരെ സ്റ്റാളുകൾ പ്രവർത്തിക്കാൻ കളക്ടറും മന്ത്രിമാരും അനുമതി നൽകിയിരുന്നു.
എന്നാൽ, വൈകിട്ട് ആറിനു സ്റ്റാളുകൾ പോലീസ് അടപ്പിച്ചു. കമ്മീഷണറുടെ പ്രത്യേക നിർദേശത്തെത്തുടർന്നായിരുന്നു നടപടിയെന്നാണു വിശദീകരണം. പൂരദിവസം മാത്രം 20 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പോലീസുകാർക്കായി ദേവസ്വങ്ങൾ 45 ലക്ഷം ചെലവിടുന്പോഴാണ് ഈ നടപടിയെന്നും പ്രദർശനകമ്മിറ്റി ചൂണ്ടിക്കാട്ടി.