കൊച്ചി: ജ്വല്ലറികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്തർസംസ്ഥാന കവർച്ചാസംഘം മോഷണം നടത്തി മണിക്കൂറുകൾക്കകം കളമശേരി പോലീസിന്റെ പിടിയിൽ. മഹാരാഷ്ട്ര സ്വദേശികളായ അശ്വിൻ വിജയ് സോളാങ്കി (44), ജ്യോത്സന സൂരജ് കച്ച് വെയ് (30), സുചിത്ര കിഷോർ സാലുങ്കെ (52), ജയ സച്ചിൻ ബാദ്ഗുജാ (42) എന്നിവരാണ് പിടിയിലായത്.
ഇടപ്പള്ളി പൂക്കാട്ടുപടി റോഡിൽ സ്ഥിതിചെയ്യുന്ന രാജധാനി ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന ജ്വല്ലറിയിൽ കഴിഞ്ഞ 19ന് സ്വർണം വാങ്ങാനെന്ന വ്യാജേന പ്രവേശിച്ച് എട്ടര ഗ്രാം തൂക്കം വരുന്ന 63,720 രൂപ വിലയുള്ള ബംഗാളി മോഡലിൽ സ്വർണ നെക്ലേസ് മോഷ്ടിച്ച് ഇവർ മുങ്ങുകയായിരുന്നു.
ഇംഗ്ലീഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പ്രാവീണ്യമുള്ള ഇവർ നന്നായി വസ്ത്രം ധരിച്ച് കൂട്ടത്തോടെ ജ്വല്ലറിയിൽ എത്തി ആഭരണം തെരഞ്ഞെടുക്കുകയും ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ശ്രദ്ധ മാറ്റി മോഷണം നടത്തി രക്ഷപ്പെടുകയുമാണ് ചെയ്യുന്നത്.
ചെറുകിട ജ്വല്ലറികൾ കേന്ദ്രീകരിച്ചാണ് ഇവരുടെ മോഷണങ്ങൾ കൂടുതലും. മോഷണവിവരം അറിഞ്ഞയുടൻ കളമശേരി എസ്എച്ച്ഒ പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ സ്ക്വാഡുകളായി തിരിഞ്ഞും സിസിടിവി കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.
സമാനരീതിയിൽ ആന്ധ്രാപ്രദേശ്, പൂന എന്നിവിടങ്ങളിൽ ഇവർ വിവിധ കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായും ജയിൽവാസം അനുഭവിച്ചിട്ടുള്ളതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികൾ വിമാനമാർഗമാണ് കൊച്ചിയിലേക്കു വന്നതെന്ന് മനസിലാക്കിയ പോലീസ് ഇവർ നിലവിൽ ഉപയോഗിക്കുന്ന ഫോൺനമ്പറടക്കം കണ്ടെത്തി പിന്തുടർന്ന് തൃശൂർ ഭാഗത്തുവച്ച് പിടികൂടുകയായിരുന്നു. പിടികൂടുന്ന സമയം പ്രതികൾ തൃശൂരില്തന്നെയുള്ള ഒരു ജ്വല്ലറിയില്‍ മോഷണം നടത്താനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ നക്ഷത്ര ജ്വല്ലറിയിൽനിന്ന് മൂന്നര പവൻ സ്വർണം മോഷ്ടിച്ചതും ഇവർ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കളമശേരി ഇൻസ്പെക്ടർ പ്രദീപ് കുമാർ, എസ്ഐ കുര്യൻ മാത്യു, മാഹിൻ, കൃഷ്ണരാജ്, ഷബ്ന എന്നിവരുൾപ്പെട്ട അന്വേഷണസംഘം അങ്കമാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അജിത, റെജി, തൃശൂർ സിറ്റി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ എന്നിവരുടെ സഹായത്തോടെയാണു പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.