ടൊറൊന്റോ: ഫിഡെ കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഇന്ത്യയുടെ ആർ. വൈശാലി തുടർച്ചയായ നാല് റൗണ്ടിൽ ജയം നേടി. കാൻഡിഡേറ്റ്സ് വനിതാ ചാന്പ്യൻഷിപ്പിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് ആർ. പ്രജ്ഞാനന്ദയുടെ ചേച്ചികൂടിയായ ആർ. വൈശാലി.
14 റൗണ്ടുള്ള ചാന്പ്യൻഷിപ്പിലെ 10-ാം റൗണ്ട് മുതൽ 13-ാം റൗണ്ട് വരെയാണ് വൈശാലി തുടർച്ചയായി വെന്നിക്കൊടി പാറിച്ചത്. 13-ാം റൗണ്ടിൽ ചൈനയുടെ ലീ ടിംഗ്ജിയെയാണ് വൈശാലി തോൽപ്പിച്ചത്. 7.5 പോയിന്റുമായി ചാന്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന താരമാണ് ടിംഗ്ജി എന്നതാണ് ശ്രദ്ധേയം. 6.5 പോയിന്റുമായി ആറാം സ്ഥാനത്താണ് വൈശാലി.
ഇന്ത്യയുടെ മറ്റൊരു താരമായ കൊനേരു ഹംപി 13-ാം റൗണ്ടിൽ യുക്രെയ്നിന്റെ അന്ന മുസിചുക്കുമായി സമനിലയിൽ പിരിഞ്ഞു. 6.5 പോയിന്റുമായി ഹംപി മൂന്നാമതാണ്. ചൈനയുടെ ടാൻ സോങ്യിയാണ് (8.5) ഒന്നാം സ്ഥാനത്ത്.